
ഇടുക്കി: മൂന്നാറിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ന്യൂനഗർ സ്വദേശിയായ ഉദയസൂര്യനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവാവിന്റെ സഹോദരനായ വിഘ്‌നേശ്വറിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇരുവരും കെട്ടിടനിർമാണത്തൊഴിലാളികളാണ്.
രണ്ട് ദിവസം മുൻപാണ് ഉദയസൂര്യനെ കാണാതായത്. സുഹൃത്തുക്കൾ നടത്തിയ തിരച്ചിലിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സഹോദരൻ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. തുടർന്ന് ഉദയസൂര്യന്റെ കഴുത്തിൽ മുറിവേറ്റ പാടുകൾ കണ്ടെത്തിയതോടെയാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയത്. ഒടുവിൽ വിഘ്‌നേശ്വർ കുറ്റം സമ്മതിക്കുകയായിരുന്നു. സഹോദരങ്ങൾ പലപ്പോഴായി മദ്യപിച്ച് തർക്കത്തിലേർപ്പെടാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വിഘ്‌നേശ്വറിനെ റിമാൻഡ് ചെയ്തിട്ടുണ്ട്.