
തൃശൂർ: കെ.എസ്.ആർ.ടി.സി റോഡിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവിനെ ചാലക്കുടി ഡിവൈ.എസ്.പി കെ.സുമേഷ്, തൃശൂർ റൂറൽ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എം.ഉല്ലാസ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പിടികൂടി. തൃശൂർ ഒളരി പുത്തഞ്ചിറക്കാരൻ വീട്ടിൽ ഡെയ്‌സൺ തോമസാണ് അറസ്റ്റിലായത്.
ഇയാളിൽ നിന്നും 16 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് തൃശൂർ റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും, ചാലക്കുടി പൊലീസും നിരീക്ഷണം നടത്തിയാണ് ഇയാളെ പിടികൂടിയത്. നിലവിൽ ആമ്പല്ലൂർ പുലക്കാട്ടുകരയിൽ താമസക്കാരനാണ് ഡെയ്‌സൺ. ബംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. ബംഗളൂരുവിലെ പ്രൊഫഷണൽ ഡാൻസർ കൂടിയാണ് ഡെയ്‌സൺ. തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ബാർ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും സൈക്കിളിൽ യാത്രക്കാരനെ ദേഹോപദ്രവം ഏൽപ്പിച്ച കേസിലുൾപ്പെടെ പ്രതിയാണ്. ചാലക്കുടി ഇൻസ്‌പെക്ടർ എം.കെ.സജീവ്, സബ് ഇൻസ്‌പെക്ടർ ഋഷിപ്രസാദ്, സബ് ഇൻസ്‌പെക്ടർമാരായ ജോഫി ജോസ്, ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളായ വി.ജി.സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം.മൂസ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.