
ലക്‌നൗ: അമിതവേഗതയിലെത്തിയ കാർ ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് ഡോക്ടർമാർക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ കനൗജ് ജില്ലയിൽ ലക്നൗ-ആഗ്ര റോഡിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ഡോക്ടർമാരായ അനിരുദ്ധ് വർമ (29),സന്തോഷ് കുമാർ മൗര്യ(46),അരുൺ കുമാർ (34), നർദേവ് (35), രാകേഷ് കുമാർ (38) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ ജൈവീർ സിംഗ് (39) ആശുപത്രിയിൽ ചികിത്സയിലാണ്. സൈഫായി മെഡിക്കൽ കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് ഇയാൾ. ലക്‌നൗവിൽ ഒരു വിവാഹത്തിന് പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഡോക്ടർമാർ സഞ്ചരിച്ച സ്കോർപിയോ എസ് യു വി അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിലെത്തിയ വാഹനം റോഡിലെ ഡിവൈഡറിൽ ചെന്നിടിക്കുകയായിരുന്നു. തുടർന്ന് ഇടിയുടെ ആഘാതത്തിൽ വാഹനം എതിർദിശയിൽ വന്നിരുന്ന ട്രക്കിലിടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.