serah

പാട്ടുപാടുകയും ഡാൻസ് കളിക്കുകയുമൊക്കെ ചെയ്യുന്ന നിരവധി കുട്ടികളുണ്ട്. എന്നാൽ പലർക്കും ക്യാമറ കണ്ടാൽ പേടിയായിരിക്കും. അവിടെയാണ് തൃശൂർ മാള സ്വദേശി സനീഷിന്റെയും സിജിയുടെയും നാലര വയസുകാരിയായ മകൾ സെറ വ്യത്യസ്തയാകുന്നത്. മോഡലിംഗ് രംഗത്തെ കുഞ്ഞുരാജകുമാരിയാണ് അവളിന്ന്.

ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്നത് തന്നെയാണ് മകൾക്ക് ഏറെ ഇഷ്ടമുള്ള കാര്യമെന്ന് സനീഷ് പറയുന്നു. ഈ ഇഷ്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വളരെ ചെറുപ്പം തൊട്ടുതന്നെ ആ പ്രീയം തുടങ്ങി. ഏത് മൂഡിലായിരുന്നാലും ക്യാമറ കണ്ടാൽ സെറ ഹാപ്പിയാകും. എങ്ങനെ പോസ് ചെയ്യണമെന്ന് പറയേണ്ട താമസമേയുള്ളൂ, അതും റെഡി. ഇതിനോടകം തന്നെ നിരവധി പരസ്യ ചിത്രങ്ങളിൽ താരമാവുകയും ചെയ്തു.

serah


തുടക്കം മാമോദിസക്കാലത്ത്‌

സെറ മോഡലിംഗ് രംഗത്തെത്താൻ നിമിത്തമായത് അവളുടെ മാമോദിസയാണെന്ന് പറയാം. ചടങ്ങിൽ ഒന്നുരണ്ട് സംവിധായകരെ ക്ഷണിച്ചിരുന്നെന്ന് സനീഷ് പറയുന്നു. ഫോട്ടോയെടുക്കുമ്പോൾ സെറ ക്യാമറയിലേക്ക് തന്നെ നോക്കുന്നത് അവർ ശ്രദ്ധിക്കുകയും കുട്ടിക്ക് എന്തോ പ്രത്യേകതയുള്ളതായി തോന്നുന്നുവെന്ന് പറയുകയും ചെയ്തു. പിന്നീട് സനീഷ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. സംഭവം വൈറലായി. ഇതിനുശേഷം നിരവധി ഫോട്ടോഷൂട്ടുകളും നടത്തി. ഈ ചിത്രങ്ങൾ കണ്ട സനീഷിന്റെ സുഹൃത്തുകളായ ഫോട്ടോഗ്രാഫർമാരാണ് സെറയ്‌ക്ക് മുമ്പിൽ പരസ്യങ്ങളിൽ അഭിനയിക്കാനുള്ള വഴി തുറന്നത്.

serah

നാലര വയസായേ ഉള്ളൂവെങ്കിലും തിരുവനന്തപുരത്തെ കസവുമാൾ, ഹെർബൽ വില്ലേജ് ആയുർവേദ പ്രൊഡക്ട്സ് തുടങ്ങി നിരവധി പരസ്യങ്ങളിൽ സെറ അഭിനയിച്ചിട്ടുണ്ട്. പലതും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഈ ക്യൂട്ട്‌നെസിന് നിരവധി ആരാധകരുമുണ്ട്.

യുണൈറ്റഡ് ഫാഷൻ ഫെഡറേഷൻ മെമ്പറാണ് സെറ. യു കെ, കാനഡ, ദുബായ്, സൗദി, അമേരിക്ക, ഒമാൻ അടക്കമുള്ള നിരവധി രാജ്യങ്ങളിലെ ഇന്റർനാഷണൽ സൈറ്റുകളും പല മാഗസീനുകളും പ്രൊഡക്ഷൻ കമ്പനികളുമൊക്കെ സെറയുടെ ചിത്രങ്ങൾ മോഡൽ ആക്കിയിട്ടുണ്ടെന്ന് സനീഷ് പറയുന്നു.

2021 ൽ ഫാഷൻ ഫ്ളയിംസ് അവാർഡും 2023 ൽ പൂവച്ചൽ ഖാദർ ഫിലിം ടെലിവിഷൻ മീഡിയ മികച്ച ബാല പ്രതിഭ അവാർഡും ഈ കൊച്ചുമിടുക്കിയെ തേടിയെത്തിയിട്ടുണ്ട്. വൈകാതെ തന്നെ ഈ കൊച്ചുമിടുക്കി വെള്ളിത്തിരയിലും എത്തിയേക്കുമെന്ന പ്രതീക്ഷയും സനീഷ് പങ്കുവയ്‌ക്കുന്നു.

serah

സ്വന്തം പേരിൽ നിർമാണക്കമ്പനിയും

മകളുടെ സ്വപ്നങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുന്ന അച്ഛനും അമ്മയുമാണ് സനീഷും സിജിയും. സെറയുടെ പേരിൽ ഒരു നിർമാണ കമ്പനിയും ദമ്പതികൾ ആരംഭിച്ചിട്ടുണ്ട്. മകളെപ്പോലെ അഭിനയ മോഹമുള്ളവർക്ക് വേണ്ടിയാണ് പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചതെന്ന് സനീഷ് വ്യക്തമാക്കി.