budhist-monk

ലണ്ടൻ: മലേഷ്യയിലെ സമ്പന്നരിൽ മൂന്നാം സ്ഥാനക്കാരനാണ് ടെലെകോം ഭീമനായ അനന്ദ കൃഷ്‌ണൻ. ടെലി‌കമ്മ്യൂണിക്കേഷൻസ്, മാദ്ധ്യമമേഖല, എണ്ണ, റിയൽ എസ്‌റ്റേറ്റ് അങ്ങനെ വിവിധ മേഖലകളിൽ നിക്ഷേപമുള്ളയാളാണ് അനന്ദ കൃഷ്‌ണൻ. എകെ എന്നാണ് രാജ്യത്ത് അദ്ദേഹം അറിയപ്പെടുന്നത്. ടെലകോം കമ്പനിയായ എയർസെല്ലിന്റെ ഉടമയാണ് അദ്ദേഹം. ഒരിക്കൽ ഐപിഎൽ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ സ്‌പോൺസർമാരായിരുന്നു എയർസെൽ. എകെയുടെ ഒരേയൊരു മകനായ അജാൻ സിരിപന്യോ ആണ് തനിക്ക് അവകാശപ്പെടുന്ന ഏകദേശം അഞ്ച് ബില്യൺ ഡോളറിന്റെ (40000 കോടിയിലധികം രൂപ) ആസ്‌തി വേണ്ടെന്നുവച്ച് ബുദ്ധസന്യാസിയായി മാറിയത്.

18 വയസിൽ തന്നെ അജാൻ സന്യാസം സ്വീകരിക്കുന്നതിന് തീരുമാനിച്ചിരുന്നു. കടുത്ത ബുദ്ധമത വിശ്വാസിയും മനുഷ്യ സ്‌നേഹിയുമായ അനന്ത കൃഷ്‌ണൻ മകന്റെ തീരുമാനത്തെ പൂർണമനസോടെ സ്വീകരിച്ചു. സിരിപന്യോയുടെ അമ്മ മോംവജാരോംഗ്‌സെ സുപ്രിന്ദ ചക്രബാൻ തായ് രാജകുടുംബവുമായി രക്തബന്ധമുള്ളയാളാണ്. തായ്‌ലാന്റിൽ എത്തിയപ്പോഴാണ് സിരിപന്യോയ്‌‌ക്ക് സന്യാസം സ്വീകരിക്കാൻ തോന്നലുണ്ടായത്. ഒരു ബുദ്ധമത വിശ്രമകേന്ദ്രത്തിൽ എത്തിയ സിരിപന്യോ അവിടെവച്ച് ബുദ്ധമത ആദ്ധ്യാത്മികതയിൽ ആകൃഷ്‌ടനായി. ജീവിതം ബുദ്ധമതത്തിനായി സമർപ്പിക്കാൻ അദ്ദേഹം തയ്യാറായി. തായ്‌ലാന്റ്- മ്യാൻമാർ അതിർ‌ത്തിയിൽ താവോ ഡും മൊണാ‌സ്‌ട്രിയിലെ മഠാധിപതിയാണ് ഇപ്പോൾ സിരിപന്യോ.

ലണ്ടനിലാണ് സിരിപന്യോ വളർന്നത്. ലണ്ടനിലെ കോസ്‌മോപൊളിറ്റൻ ജീവിത ശൈലി പരിശീലിച്ച അജാൻ സിരിപന്യോ എട്ട് ഭാഷകളിൽ നല്ല പാണ്ഡിത്യവും നേടിയിട്ടുണ്ട്. സന്യാസം തിരഞ്ഞെടുത്തെങ്കിലും ഇടയ്‌ക്ക് തന്റ പിതാവിനൊപ്പവും സിരിപന്യോ കഴിയാറുണ്ട്. തന്റെ ആത്മീയ, കുടുംബ ബന്ധങ്ങൾ തകരാതെ അദ്ദേഹം ജീവിതം നയിക്കുകയാണ്.