
ചെന്നൈ: നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു തമിഴ്നാട്ടിലെത്തി. ഉദഗമണ്ഡലത്തിലെ രാജ്ഭവനിലെത്തിയ മുർമുവിനെ തമിഴ്നാട് ഗവർണർ ആർ.എൻ രവി സ്വീകരിച്ചു. കോയമ്പത്തൂരിലെ വിമാനത്താവളത്തിലിറങ്ങിയ രാഷ്ട്രപതി മോശം കാലാവസ്ഥയെത്തുടർന്ന് റോഡ് മാർഗമാണ് ഉദഗമണ്ഡലത്തിലെത്തിയത്. സംസ്ഥാനത്തെ വിവിധ ഔദ്യോഗിക പരിപാടികളിൽ മുർമു പങ്കെടുക്കും. ഇന്ന് വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലെ പരിപാടിയിൽ പങ്കെടുക്കും. നാളെ രാജ്ഭവനിൽ ആദിവാസി വനിതാ സ്വയം സഹായ സംഘങ്ങളുമായും പ്രമുഖരുമായും സംവദിക്കും. 30ന് തിരുവാരൂരിൽ നടക്കുന്ന തമിഴ്നാട് കേന്ദ്ര സർവകലാശാലയുടെ ബിരുദദാന ചടങ്ങിലും പങ്കെടുക്കും.