
ഇടുക്കി:എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബം ആവശ്യപ്പെട്ടുള്ള സിബിഐ അന്വേഷണമെന്ന ആവശ്യം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിബിഐ അന്വേഷണത്തെക്കുറിച്ച് വ്യക്തമായ ധാരണ പാർട്ടിക്ക് ഉണ്ടെന്നും, സിബിഐ കൂട്ടിൽ അടച്ച തത്തയാണെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു. എന്നാൽ പാർട്ടി എപ്പോഴും നവീന്റെ കുടുംബത്തിനൊപ്പമാണെന്നും ഗോവിന്ദൻ പറഞ്ഞു.
അതേസമയം, നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. അടുത്തമാസം ആറിന് കേസ് ഡയറി ഹാജരാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ സത്യവാങ്മൂലം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഭാര്യ കെ മഞ്ജുഷ നൽകിയ ഹർജി പരിഗണിക്കവെയാണ് കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചത്.
ഹർജിയിൽ അടുത്തമാസം ഒമ്പതിന് വിശദവാദം കേൾക്കും. സർക്കാരിനോടും സിബിഐയോടും കോടതി നിലപാട് തേടുകയും ചെയ്തു. കേസിൽ സിബിഐക്ക് നോട്ടിസ് അയയ്ക്കും.അന്വേഷണം ശരിയായ ദിശയിലല്ലെന്നാണ് ഹർജിക്കാരിയായ മഞ്ജുഷ കോടതിയെ അറിയിച്ചത്. പ്രതിസ്ഥാനത്തുള്ള ദിവ്യക്ക് രാഷ്ട്രീയ സ്വാധീനമുണ്ടെന്നും അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും കുടുംബം കോടതിയിൽ പറഞ്ഞു.കൊലപാതകമെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് കോടതി ഹർജിക്കാരിയോട് ചോദിച്ചു. അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് പറയുന്നതിൽ പ്രതി രാഷ്ട്രീയ നേതാവ് ആണെന്നതല്ലാതെ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നും കോടതി ചോദിച്ചു.
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഇന്നലെയാണ് ഭാര്യ കെ.മഞ്ജുഷ ഹൈക്കോടതിയിൽ ഹർജി നൽകിയത്. കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാമെന്നും സംഭവത്തിനു പിന്നിൽ വൻഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് ഹർജിയിൽ ആരോപിച്ചിട്ടുള്ളത്. ഏക പ്രതിയായ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ രക്ഷിക്കുന്ന തരത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടികളെന്ന് ഹർജിയിൽ പറയുന്നു. ദിവ്യയുടെ സ്വാധീനത്തിന് ജില്ലാ കളക്ടർ വഴങ്ങിയെന്ന ഗുരുതരമായ ആരോപണവും ഉന്നയിക്കുന്നുണ്ട്. തെറ്റു ചെയ്തതായി നവീൻ പറഞ്ഞെന്ന നിലയിൽ പിന്നീട് കളക്ടർ അരുൺ കെ.വിജയൻ നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് ഈ ആരോപണം.
പ്രത്യേക അന്വേഷണ സംഘം ശാസ്ത്രീയ തെളിവുശേഖരണത്തിന് യാതൊരു താത്പര്യവും കാട്ടുന്നില്ല. തെളിവുകൾ മറച്ചുവയ്ക്കാനാണ് ശ്രമം. പാർട്ടി സ്വാധീനമുള്ള ദിവ്യയെ പേടിച്ച് നവീനിന്റെ സഹപ്രവർത്തകർ പോലും വസ്തുത പറയാൻ തയ്യാറാകുന്നില്ല. അതിനാൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് അഡ്വ. ജോൺ എസ്.റാൾഫ് മുഖേന നൽകിയ ഹർജിയിലെ ആവശ്യം. പ്രത്യേക സംഘം അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഹർജിയിലുണ്ട്. മുരളീധരൻ കോഞ്ചേരില്ലം എന്നയാളുടെ പൊതുതാത്പര്യ ഹർജിയും എത്തിയിട്ടുണ്ട്.