sanju

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ വിരുന്നുകാരന്റെ റോളിൽ നിന്ന് വീട്ടുകാരനിലേക്കുള്ള സഞ്ജു സാംസണിന്റെ വളർച്ചയാണ് പോയ വർഷം മലയാളികളെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ ക്രിക്കറ്റിലുണ്ടായ പ്രധാന മാറ്റം. കരീബിയനിൽ നടന്ന ലോകകപ്പിൽ ടീമിലുണ്ടായിട്ടും ഒരു കളിയിൽ പോലും അവസരം ലഭിക്കാതിരുന്ന, ശ്രീലങ്കയ്ക്ക് എതിരായ മത്സരങ്ങളിൽ തുടർച്ചയായി ഡക്കായ സഞ്ജു ബംഗ്ളാദേശിനെതിരായ അവസാന ട്വന്റി-20യിൽ സെഞ്ച്വറി നേടിയപ്പോൾ വർഷങ്ങളുടെ പരീക്ഷണകാലത്തെയാണ് മറികടന്നത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ രണ്ട് സെഞ്ച്വറികൾകൂടി ചേർന്നപ്പോഴാണ് ഇന്ത്യൻ ടീമിൽ തനിക്കേറെ ഇഷ്ടപ്പെട്ട ഓപ്പണിംഗ് പൊസിഷനിൽ സഞ്ജു തന്റെ സ്ഥാനം സ്ഥിരമാക്കിയത്.

ഒഴിവാക്കലിന്റെ

വേദന

2014 ആഗസ്റ്റിൽ അഞ്ച് ഏകദിനങ്ങൾക്കും ഒരു ട്വന്റി-20യ്ക്കുമായി ഇംഗ്ളണ്ടിലേക്കുപോയ 17 അംഗ ഇന്ത്യൻ ടീമിൽ 20 കാരനായ സഞ്ജുവും അംഗമായിരുന്നു. എന്നാൽ ഒറ്റ മത്സരത്തിൽ പോലും കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ല. ആ വർഷം വിൻഡീസിനെതിരെ ഒരു ട്വന്റി-20 മത്സരത്തിനുള്ള ടീമിലും ഇടംപിടിച്ചെങ്കിലും ആ മത്സരം തന്നെ ഒഴിവാക്കപ്പെട്ടു. അടുത്തവർഷം നടന്ന ട്വന്റി-20 ലോകകപ്പിനുള്ള 30 അംഗ ഇന്ത്യൻ സാദ്ധ്യതാ ടീമിൽ ഇടം പിടിച്ച സഞ്ജു പക്ഷേ അവസാന സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ പുറത്തായിരുന്നു. നായകപദവിയിലും വിക്കറ്റ് കീപ്പർ റോളിലും ധോണി അജയ്യനായി നിലനിൽക്കുന്ന ആ സമയത്ത് ടീമിലേക്ക് എത്തുകയെന്നത് സഞ്ജുവിനെ സംബന്ധിച്ചിടത്തോളം ഒരു വലിയ വെല്ലുവിളി തന്നെയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലും മികച്ച പ്രകടനങ്ങൾ നടത്തി സെലക്ടർമാരുടെ ശ്രദ്ധയിൽ പതിഞ്ഞെങ്കിലും എവി‌ടെ കളിപ്പിക്കും എന്നത് ഒരു വലിയ ചോദ്യമായിത്തന്നെ ഉയർന്നിരുന്നു.


അരങ്ങേറ്റവും

ഇടവേളയും

ഒടുവിൽ സഞ്ജുവിന് ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറാൻ അവസരം ലഭിക്കുന്നത് 2015 ജൂലായിൽ സിംബാബ്‌വെ പര്യടനത്തിലാണ്. അന്ന് അമ്പാട്ടി റായ്ഡുവിന് പരിക്കേറ്റപ്പോൾ പകരക്കാരനായാണ് സഞ്ജുവിനെ ടീമിലെടുത്തത്. ഹരാരേയിൽ ആദ്യ മത്സരത്തിൽ ബാറ്റിംഗിനിറങ്ങിയ സഞ്ജു നേടിയത് 19 റൺസ്. സ്റ്റുവർട്ട് ബിന്നിക്കൊപ്പം 36 റൺസ് കൂട്ടിച്ചേർത്തെങ്കിലും ഇന്ത്യ മത്സരത്തിൽ 10 റൺസിന് തോറ്റതോടെ സഞ്ജുവിന്റെ വഴിയുമടഞ്ഞു. അഞ്ചുവർഷത്തിന് ശേഷമാണ് പിന്നെ സഞ്ജുവിന് ടീമിലേക്ക് തിരിച്ചെത്താനായത്. ഈ കാലയളവിൽ ധോണി വിരമിക്കലിലേക്ക് നീങ്ങിയെങ്കിലും പകരക്കാരനായുള്ള റിഷഭ് പന്തിന്റെ കടന്നുവരവാണ് സഞ്ജുവിന് മുന്നിൽ വെല്ലുവിളിയായി മാറിയത്. വിവിധ ഫോർമാറ്റുകളിൽ ദിനേഷ് കാർത്തിക്, വൃദ്ധിമാൻ സാഹ, റിഷഭ് പന്ത് തുടങ്ങിയവർ വിക്കറ്റ് കീപ്പർ പൊസിഷനിൽ ആധിപത്യം ഉറപ്പിച്ചപ്പോൾ സഞ്ജുവിനെ വീണ്ടും സെലക്ടർമാർ മറന്നു.

തിരിച്ചുവരവും

അസ്ഥിരതയും

ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നെങ്കിലും ഐ.പി.എല്ലിൽ അതിഗംഭീര പ്രകടനം തുടർന്ന സഞ്ജു പിന്നീട് ഇന്ത്യൻ ടീമിലെത്തുന്നത് 2019 ഒക്ടോബറിലെ ബംഗ്ളാദേശിനെതിരായ പരമ്പരയ്ക്കായാണ്. എന്നാൽ ആ പരമ്പര മുഴുവൻ ഗ്യാലറിയിൽ ഇരിക്കാനായിരുന്നു യോഗം. നവംബറിൽ വെസ്റ്റ് ഇൻഡീസിന് എതിരായ പരമ്പരയിൽ ശിഖർ ധവാന് പരിക്കേറ്റപ്പോൾ

ടീമിലെടുത്തെങ്കിലും കളിപ്പിച്ചില്ല. ഡിസംബറിൽ ശ്രീലങ്കയുമായുള്ള പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോഴും സഞ്ജു ഉൾപ്പെട്ടു. 2020 ജനുവരി പത്തിന് പൂനെയിൽ ലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി-20യിൽ സഞ്ജു കളിക്കാനിറങ്ങി. ആദ്യ പന്തിൽ വാനിന്ദു ഹസരംഗയെ സിക്സിന് പറത്തി. പക്ഷേ രണ്ടാം പന്തിൽ എൽ.ബിയിൽ കുരുങ്ങി പുറത്ത്! ധവാന്റെ പരിക്ക് തുടർന്നുനടന്ന ന്യൂസിലാൻഡ് പര്യടനത്തിലും സ്ഥാനം നൽകി. എന്നാൽ രണ്ട് മത്സരങ്ങളിൽ ഇറങ്ങിയപ്പോൾ 8, 2 എന്നിങ്ങനെയായിരുന്നു സ്കോറുകൾ. ഇതോടെ വീണ്ടും പുറത്തേക്ക്. ആ വർഷം ഒക്ടോബറിൽ നടന്ന ഓസ്ട്രേലിയൻ പര്യടനത്തിൽ അവസരം ലഭിച്ചു; മൂന്ന് മത്സരങ്ങളിൽ നിന്ന് 48 റൺസ് മാത്രം നേടി നിരാശപ്പെടുത്തി.

2021ലെ ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നായകനായി ഗംഭീരപ്രകടനം നടത്തിയെങ്കിലും ഇന്ത്യൻ ടീമിലേക്ക് വിളിപ്പിച്ചപ്പോൾ പിന്നെയും അസ്ഥിരതയുടെ ആൾരൂപമായി മാറി. 2021 ജൂലായിൽ നടന്ന ലങ്കൻ പര്യടനത്തിലെ മൂന്ന് ട്വന്റി-20കളിലും കളിച്ച സഞ്ജുവിന്റെ സ്കോർ 27,7,0 എന്നിങ്ങനെയായിരുന്നു. ഈ പര്യടനത്തിലൂടെ ഏകദിനത്തിലും അരങ്ങേറി. അടുത്ത ഫെബ്രുവരിയിൽ ലങ്ക ഇന്ത്യയിലേക്ക് വന്നപ്പോൾ രണ്ട് മത്സരങ്ങളിൽ ബാറ്റിംഗിന് അവസരം ലഭിച്ചു. 39,18 എന്നിങ്ങനെയായിരുന്നു സ്കോറുകൾ. ഇതേവർഷം ജൂണിൽ അയർലാൻഡിനെതിരെയാണ് ആദ്യ അന്താരാഷ്ട്ര അർദ്ധസെഞ്ച്വറി (77)നേടിയത്.

ഏകദിനത്തിലെ

സെഞ്ച്വറി നേട്ടം

തുടർന്ന് സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയ വേളകളിൽ സഞ്ജു ട്വന്റി-20,ഏകദിന ടീമുകളുടെ ഭാഗമായി. 2022ൽ വിൻഡീസിനെതിരെ പോർട്ട് ഒഫ് സ്പെയ്നിൽ നട‌ന്ന ഏകദിനത്തിലും (54) ലക്നൗവിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന ഏകദിനത്തിലും അർദ്ധസെഞ്ച്വറികൾ (86) നേടി. 2023 ഓഗസ്റ്റിൽ വിൻഡീസ് പര്യടനത്തിലും ഒരു അർദ്ധസെഞ്ച്വറി (51) നേടിയെങ്കിലും ഏകദിന ലോകകപ്പിനുള്ള ടീമിൽ ഇടം ലഭിച്ചില്ല. ലോകകപ്പിന് ശേഷം ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഏകദിന ടീമിൽ ഉൾപ്പെട്ട സഞ്ജു പാളിൽ നടന്ന മത്സരത്തിൽ കരിയറിലെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറിയും സ്വന്തമാക്കി.114 പന്തുകളിൽ ആറ് ഫോറും മൂന്ന് സിക്സുമടക്കം 108 റൺസാണ് സഞ്ജു നേടിയത്. അതിന് ശേഷം സഞ്ജു മറ്റൊരു ഏകദിനം കളിച്ചിട്ടില്ല.

വിയർപ്പുതുന്നിയിട്ട

കുപ്പായം

ഈ വർഷം ജൂൺ രണ്ടു മുതൽ 29വരെ വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി നടന്ന ഐ.സി.സി. ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ തന്നെയും ഉൾപ്പെടുത്തിയ വാർത്തപ്പോൾ സഞ്ജു തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഒരു ഫോട്ടോയും അടിക്കുറിപ്പുമിട്ടു. ഇന്ത്യൻ ടീമിന്റെ ജാക്കറ്റ് അണിഞ്ഞു നിൽക്കുന്ന തന്റെ ചിത്രവും ' വിയർപ്പ് തുന്നിയ കുപ്പായം" എന്ന വരികളുമായിരുന്നു ഈ വൈറൽ പോസ്റ്റ്. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിനുവേണ്ടി വേടൻ രചിച്ച പാട്ടിന്റെ ആദ്യ വരികളാണിത്. എന്നാൽ ടീമിലുണ്ടായിട്ടും ഒരു കളിപോലും കളിക്കാൻ സഞ്ജുവിന് അവസരം ലഭിച്ചില്ല. പക്ഷേ രോഹിത് ശർമ്മയും വിരാട് കൊഹ്‌ലിയുമൊക്കെ അടങ്ങിയ ടീമിനൊപ്പം നീണ്ട നാളുകൾ ചെലവഴിക്കാൻ കഴിഞ്ഞത് സഞ്ജുവിലെ ക്രിക്കറ്ററിനെ ഒരുപാട് മാറ്റിയെടുത്തു.

സമയം

തെളിയുന്നു

ലോകകപ്പിന് ശേഷം രോഹിതും വിരാടും വിരമിച്ചതും ഗൗതം ഗംഭീർ പരിശീലകനായി വന്നതുമാണ് സഞ്ജുവിനെ സംബന്ധിച്ചിടത്തോളം മാറ്റങ്ങൾക്ക് വഴിതുറന്നത്. സിംബാബ്‌വെ പര്യടനത്തിന് ശേഷം അടുത്ത സുഹൃത്ത് സൂര്യകുമാർ യാദവ് ട്വന്റി-20 ഫോർമാറ്റിലെ നായകനായി എത്തുകകൂടി ചെയ്തതോടെ ശരിക്കും ഉഷാറായി. ബംഗ്ളാദേശിനെതിരായ പരമ്പരയ്ക്ക് മുമ്പ് സൂര്യ സഞ്ജുവിന് നൽകിയ ഉറപ്പ് , തന്നെ നായകനായി നിശ്ചയിച്ചിരിക്കുന്ന അടുത്ത ഏഴുകളികളിലും നീ ഓപ്പണറായി തന്നെ കളിക്കും എന്നതായിരുന്നു. ഒന്നോ രണ്ടോ കളികളിൽ സ്കോർ ചെയ്യാനായില്ലെങ്കിൽ പുറത്തിരിക്കേണ്ടിവരുന്ന പതിവ് ആവർത്തിക്കുമോ എന്ന ഭയം അതോടെ ഇല്ലാതായി. അതോടെ സഞ്ജു തന്റെ വിശ്വരൂപം പുറത്തെടുത്തു.

ചരിത്രമെഴുതിയ

സെഞ്ച്വറികൾ

ഒരു കലണ്ടർ വർഷം മൂന്ന് ട്വന്റി-20 സെഞ്ച്വറികൾ നേടുന്ന ആദ്യ ബാറ്ററായി സഞ്ജു സാംസൺ ചരിത്രം കുറിച്ചത് ഈ വർഷമാണ്. ഈ വർഷം 13 ട്വന്റി-20കളിൽ സഞ്ജു ഇന്ത്യൻ കുപ്പായമണിഞ്ഞു. ജനുവരിയിൽ അഫ്ഗാനെതിരായ പരമ്പരയിൽ ഒരു മത്സരത്തിലേ അവസരം ലഭിച്ചുള്ളൂ, ഡക്കായി. സിംബാബ്‌വേയിൽ മൂന്നുകളികളിൽ രണ്ടെണ്ണത്തിൽ ബാറ്റിംഗിന് അവസരം ലഭിച്ചു. 12,58 എന്നിങ്ങനെ സ്കോർ ചെയ്തു. ശ്രീലങ്കയ്ക്ക് എതിരെ കളിച്ച രണ്ട് മത്സരങ്ങളിലും ഡക്കായി. ബംഗ്ളാദേശിനെതിരെ ക്യാപ്‌ടൻ സൂര്യകുമാർ യാദവ് ഓപ്പണിംഗിന് അവസരം നൽകി. ആദ്യ മത്സരങ്ങളിൽ 29,10 എന്നിങ്ങനെയായിരുന്നു സ്കോറിംഗ് എങ്കിൽ മൂന്നാം മത്സരത്തിൽ സെഞ്ച്വറിയടിച്ച് (111) ക്യാപ്ടന്റെ വിശ്വാസം കാത്തു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ മത്സരത്തിൽ വീണ്ടും സെഞ്ച്വറി(107).ഇതോടെ തുടർച്ചയായ രണ്ട് ട്വന്റി-20കളിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി. തുടർന്നുള്ള രണ്ട് മത്സരങ്ങളിൽ ഡക്കായതോടെ ഒരു വർഷം അഞ്ചു മത്സരങ്ങളിൽ ഡക്കാവുന്ന ആദ്യ താരവുമായി. എന്നാൽ നാലാം മത്സരത്തിൽ വീണ്ടും സെഞ്ച്വറി(109*) നേടി ആവേശത്തിലേക്ക് തിരിച്ചെത്തി. മൂന്ന് സെഞ്ച്വറികളും ഒരു അർദ്ധസെഞ്ച്വറിയുമടക്കം 436 റൺസാണ് സഞ്ജു ഈ വർഷം നേടിയത്.