
ജസ്പ്രീത് ബുംറ ഐ.സി.സി ടെസ്റ്റ് ബൗളിംഗിലെ ഒന്നാം റാങ്ക് തിരിച്ചുപിടിച്ചു
ദുബായ് : ഓസ്ട്രേലിയയ്ക്ക് എതിരെ പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ എട്ടുവിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയ്ക്ക് വിജയം നൽകിയ പേസർ ജസ്പ്രീത് ബുംറ ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ടെസ്റ്റ് ബൗളർമാരുടെ റാങ്കിംഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. കരിയർ ബെസ്റ്റായ 883 റേറ്റിംഗ് പോയിന്റുമായാണ് ബുംറ ഒന്നാമതേക്ക് തിരിച്ചെത്തിയത്.
ഈ വർഷം ഫെബ്രുവരിയിലാണ് ബുംറ ആദ്യമായി ഒന്നാം റാങ്കിലെത്തിയിരുന്നത്. പിന്നീട് ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാദ ഒന്നാമതെത്തിയിരുന്നു. ഒക്ടോബറിൽ ബംഗ്ളാദേശിന് എതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം വീണ്ടും ബുംറ ഒന്നാമനായെങ്കിലും അധികം വൈകാതെ റബാദയും ജോഷ് ഹേസൽവുഡും മുകളിലേക്കുയർന്നു. പെർത്തിലെ ആദ്യ ഇന്നിംഗ്സിൽ അഞ്ചും രണ്ടാം ഇന്നിംഗ്സിൽ മൂന്നും വിക്കറ്റുകൾ വീഴ്ത്തിയതോടെ ബുംറ റബാദയേയും ഹേസൽവുഡിനെയും മറികടന്ന് ഒന്നാമനാവുകയായിരുന്നു. മറ്റൊരു ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് മൂന്ന് പടവ് ഉയർന്ന് 25-ാംറാങ്കിലെത്തി.
പെർത്തിലെ രണ്ടാം ഇന്നിംഗ്സിൽ 161 റൺസടിച്ച ഇന്ത്യൻ യുവ ബാറ്റർ യശസ്വി ജയ്സ്വാൾ രണ്ട് പടവുകൾ ഉയർന്ന് കരിയർ ബെസ്റ്റായ രണ്ടാം റാങ്കിലെത്തി.
825 റേറ്റിംഗ് പോയിന്റുള്ള യശസ്വി മുൻ കിവീസ് നായകൻ കേൻ വില്യംസൺ, ഇംഗ്ളണ്ടിന്റെ ഹാരി ബ്രൂക്ക് എന്നിവരെ മറികടന്നാണ് രണ്ടാം സ്ഥാനത്തേക്ക് എത്തിയത്.
ഒന്നാം റാങ്കിലുള്ള ഇംഗ്ളീഷ് ബാറ്റർ ജോ റൂട്ടിനെക്കാൾ 78 റേറ്റിംഗ് പോയിന്റ് മാത്രം പിന്നിലാണ് യശസ്വി.
പെർത്തിൽ കളിക്കാനിറങ്ങിയില്ലെങ്കിലും ഇന്ത്യൻ താരങ്ങളായ രവി ചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയുമാണ് ആൾറൗണ്ടർമാരുടെ പട്ടികയിലെ ഒന്നും രണ്ടും സ്ഥാനങ്ങളിൽ.