dhanush

ചെന്നൈ: ധനുഷും നടി നയൻതാരയും തമ്മിലുള്ള തർക്കം സിനിമാ ആരാധകർക്കിടയിൽ ചർച്ചയായി തുടങ്ങിയിട്ട് കുറച്ചുദിവസമായി. നയൻതാര-വിഘ്‌നേഷ് ശിവൻ വിവാഹം നെറ്റ്‌ഫ്ളിക്‌സ് ഡോക്യുമെന്ററിയിൽ താൻ നിർമ്മിച്ച ചിത്രത്തിന്റെ ഭാഗങ്ങളുള്ളതിനാൽ പകർപ്പവകാശം ലംഘിച്ചെന്ന് കാട്ടി ഇന്ന് ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുകയാണ്. ധനുഷിന്റെ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.

ധനുഷും നയൻതാരയും തമ്മിലുള്ള പ്രശ്‌നങ്ങൾ ഡോക്യുമെന്ററി പ്രശ്‌നം മുതൽ തുടങ്ങിയതല്ലെന്നും ഏറെനാളായി ഉള്ളതാണെന്നും വെളിപ്പെടുത്തിയ തമിഴ്‌നടനും യൂട്യൂബറുമായ അന്തനന്റെ ഒരു യൂട്യൂബ് ചാനലിലെ അഭിമുഖം ഇതിനിടെ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ധനുഷും ഭാര്യ ഐശ്വര്യ രജനീകാന്തും തമ്മിലെ വിവാഹബന്ധം തകരാൻ കാരണവും നയൻതാരയാണെന്നുമൊക്കെയാണ് യൂട്യൂബ് അഭിമുഖത്തിൽ അന്തനൻ പറയുന്നത്.

വിഘ്‌നേഷ് ശിവൻ നയൻതാരയെ വിവാഹം ചെയ്‌‌തത് മുതൽ ധനുഷിന് ഇഷ്‌ടക്കേട് ഉണ്ടായിരുന്നു. പ്രധാനകാരണം സാധാരണക്കാരനായ ഒരു അസി.ഡയറക്‌ടർ നയൻതാരയെപ്പോലെ പേരുള്ളൊരു നടിയെ വിവാഹം ചെയ്‌തതാണ്. തനിക്ക് അടുപ്പമുള്ളൊരു നടിയെ ഒരാൾ വന്ന് തട്ടിയെടുത്തു എന്ന രീതിക്കായി ധനുഷിന്റെ ദേഷ്യം. ധനുഷ് നിർ‌മ്മിച്ച 'നാനും റൗഡി താൻ' എന്ന വിഘ്‌നേഷ് ശിവന്റെ ആദ്യ ചിത്രത്തിന്റെ സെറ്റിൽ ഇരുവരുടെയും പെരുമാറ്റവും ധനുഷിന്റെ വിരോധത്തിന് കാരണമായി.

ഈ ചിത്രത്തിലെ രംഗങ്ങൾ വേണമെന്ന് വിവാഹവീഡിയോ തയ്യാറാക്കുന്ന സമയത്ത് നേരിട്ട് ധനുഷിനോട് സംസാരിക്കാവുന്ന കാര്യമേ നയൻതാരയ്‌ക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാൽ നടി ധനുഷിന്റെ മാനേജരെ വിളിച്ച് ഇക്കാര്യം ഒഫീഷ്യലായി കൈകാര്യം ചെയ്‌തു. ഇതിൽ ധനുഷ് വഴങ്ങിയില്ല. മാനേജർ ധനുഷിനോട് സംസാരിച്ച് സമ്മതിപ്പിച്ചപ്പോൾ തന്റെ ഓഫീസിലേക്ക് വരാൻ നടി പറഞ്ഞു. ആവശ്യം നയൻതാരയ്‌ക്ക് ആയതിനാൽ അങ്ങോട്ടാണ് പോകേണ്ടിയിരുന്നത്. ഇതോടെ നടന് ദേഷ്യമായി എന്നും അന്തനൻ പറയുന്നു.

'ബിയോണ്ട് ദി ഫെയറിടെയ്‌ൽ' എന്ന ഡോക്യുമെന്ററിയ്‌ക്കായി ധനുഷ് നിർമ്മിച്ച നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ ദൃശ്യങ്ങൾ ഉപയോഗിക്കാൻ എൻ‌ഒ‌സി നൽകാനാണ് നയൻതാര താരത്തെ സമീപിച്ചത്. ഇത് ലഭിക്കാത്തതിനെ തുടർന്ന് പ്രതികാരദാഹിയെപ്പോലെയാണ് തന്നോട് ധനുഷ് പെരുമാറുന്നതെന്ന് നടി സമൂഹമാദ്ധ്യമത്തിൽ കുറിച്ച കത്തിൽ പറഞ്ഞത്. മൂന്ന് സെക്കന്റ് നീളുന്ന ദൃശ്യത്തിന് 10 കോടിയാണ് ധനുഷ് ആവശ്യപ്പെട്ടത് എന്ന് കത്തിലുണ്ടായിരുന്നു. ഇതിന് പിന്നാലെ നടിക്കെതിരായും അനുകൂലിച്ചും നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു.