i

ധാക്ക: ഹിന്ദു സംഘടനയായ ഇസ്കോണിനെ ( ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസ് ) 'മതമൗലികവാദ' സംഘടനയെന്ന് മുദ്രകുത്തി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. ഹിന്ദു പുരോഹിതനും ഇസ്കോൺ നേതാവുമായ ചിന്മയ് കൃഷ്ണ ദാസ് ബ്രഹ്മചാരിയുടെ അറസ്റ്റിൽ ഹിന്ദുസമൂഹം പ്രതിഷേധം ശക്തമാക്കിയതിനിടെയാണിത്.

ഇസ്കോണിനെ നിരോധിക്കണമെന്ന് കാട്ടി ഇന്നലെ ധാക്ക ഹൈക്കോടതിയിൽ ഒരു അഭിഭാഷകൻ സമർപ്പിച്ച ഹർജിക്കുള്ള മറുപടിയിലാണ് സർക്കാരിന്റെ വിവാദ പരാമർശം. ഇസ്കോണിനെ നിരീക്ഷിക്കുന്നതായും അറ്റോർണി ജനറൽ മുഹമ്മദ് അസാദുസ്സമൻ പറഞ്ഞു. ഇസ്‌കോണിനെയും രാജ്യത്തെ ക്രമസമാധാനത്തെയും പറ്റിയുള്ള റിപ്പോർട്ടുകൾ ഇന്ന് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.

ന്യൂനപക്ഷ സംരക്ഷണത്തിന് ശക്തമായ നിയമങ്ങളും ന്യൂനപക്ഷകാര്യ മന്ത്രാലയവും ഹിന്ദു സമൂഹം ആവശ്യപ്പെട്ചതിനിടെ ഇന്നലെ ചിറ്റഗോങ്ങിൽ ഒരു ക്ഷേത്രം കൂടി ആക്രമിക്കപ്പെട്ടു. ഇസ്കോൺ ഭീകര സംഘടനയാണെന്ന് വാദിക്കുന്ന രാജ്യത്തെ ചില തീവ്ര ഗ്രൂപ്പുകൾ വിശ്വാസികൾക്കെതിരെ വധഭീഷണിയും മുഴക്കുന്നുണ്ട്.

ഇന്ത്യയുമായി ഉരസൽ

ചിന്മയദാസിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച ഇന്ത്യ, ഹിന്ദുക്കളുൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇന്ത്യ ഇടപെടേണ്ട എന്നാണ് ബംഗ്ലാദേശ്‌ വിദേശമന്ത്രാലയം പ്രതികരിച്ചത്.

മോദി ഇടപെടണം

ചിന്മയ് ദാസിനെ മോചനവും ഹിന്ദുക്കൾക്ക് നീതിയും ആവശ്യപ്പെട്ട് നൂറുകണക്കിന് പേർ പ്രതിഷേധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും ആവശ്യമുണ്ട്. ചിന്മയ് ദാസിന്റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിച്ചേക്കും.


 ബംഗ്ലാദേശ് ജനസംഖ്യ 17 കോടി

ഹിന്ദുക്കൾ 1.36 കോടി ( 8 % )


#ഹസീനയുടെ വീഴ്ചയോടെ...


ആഗസ്റ്റ് 5ന് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു

പിന്നാലെ ഹിന്ദുക്കൾക്കെതിരെ ആക്രമണം. ക്ഷേത്രങ്ങളും ഹിന്ദു ഭവനങ്ങളും സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു

 ആഗസ്റ്റ് 8ന് പട്ടാള പിന്തുണയോടെ നോബൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാർ അധികാരത്തിൽ

 ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ തടയുന്നതിൽ സർക്കാർ പരാജയം

 ഭരണഘടനയിൽ നിന്ന് 'മതേതരത്വം', 'സോഷ്യലിസം' നീക്കണമെന്ന് അറ്റോർണി ജനറൽ

ചിന്മയ് ദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ജാമ്യം നിഷേധിച്ചു. ഹിന്ദു റാലിക്കിടെ ദേശീയ പതാകയെ അവഹേളിച്ചെന്ന ബംഗ്ലാദേശ് നാഷണൽ പാർട്ടി നേതാവിന്റെ പരാതിയിലാണ് അറസ്റ്റ്. തുടർന്നുണ്ടായ സംഘർഷത്തിൽ അദ്ദേഹത്തിന്റെ അഭിഭാഷകൻ കൊല്ലപ്പെട്ടു. ഹൈന്ദവ സമൂഹം പ്രക്ഷോഭത്തിലേക്ക്.


# 'ബംഗ്ലാദേശിൽ ഹിന്ദുക്കളും ഹിന്ദു ആരാധനാലയങ്ങളും ഓരോ മണിക്കൂറിലും ആക്രമിക്കപ്പെടുന്നു. ഇത് എന്ന് അവസാനിക്കും. "

- രാധാരമൺ ദാസ്, ഇസ്‌കോൺ വക്താവ്