finance

ന്യൂഡല്‍ഹി: 2016 നവംബര്‍ എട്ടിനാണ് അന്ന് നിലവിലുണ്ടായിരുന്ന ഏറ്റവും വലിയ കറന്‍സികളായ 500 രൂപയുടേയും ആയിരം രൂപയുടേയും നോട്ടുകള്‍ പിന്‍വലിച്ചത്. പിന്നീട് പുതിയ 500 രൂപയുടേയും 2000 രൂപയുടേയും കറന്‍സി നോട്ടുകള്‍ നിലവില്‍ വന്നെങ്കിലും ഇതില്‍ 2000ന്റെ നോട്ടുകള്‍ പിന്‍വലിക്കുകയായിരുന്നു. നിലവില്‍ ഇന്ത്യയില്‍ ലഭ്യമാകുന്ന ഏറ്റവും വലിയ നോട്ട് 500ന്റേതാണ്. ഈ നോട്ടിന്റെ കാര്യത്തില്‍ വളരെ ഗൗരവമേറിയ ഒരു വിവരമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്.

രാജ്യത്ത് വ്യാജ നോട്ടുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പുതിയ 500 രൂപയുടെ വ്യാജനോട്ടുകളുടെ എണ്ണം 312 ശതമാനവും 2000 രൂപ വ്യാജനോട്ടുകളുടെ എണ്ണം 166 ശതമാനവും വര്‍ധിച്ചിട്ടുണ്ടെന്നാണ് കേന്ദ്രധനകാര്യമന്ത്രാലയത്തിന്റെ കണക്ക് സൂചിപ്പിക്കുന്നത്. കേന്ദ്രധനകാര്യസഹമന്ത്രി പങ്കജ് ചൗധരിയാണ് ചോദ്യത്തിന് മറുപടിയായി ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ആകെ കണക്ക് പരിശോധിക്കുമ്പോഴാണ് ഈ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്.

എന്നാല്‍ 2024ലെ കണക്ക് മാത്രം പരിശോധിച്ചാല്‍ വ്യാജ നോട്ടുകളുടെ എണ്ണത്തില്‍ 15 ശതമാനത്തിന്റെ കുറവ് വന്നതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. 500 രൂപയുടേയും 2000 രൂപയുടേയും വ്യാജ കറന്‍സികള്‍ സജീവമാണെങ്കിലും മൊത്തം കറന്‍സികളുടെ കാര്യമെടുത്താല്‍ വ്യാജ നോട്ടുകളുടെ എണ്ണത്തില്‍ 30 ശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്. 2022ല്‍ 500ന്റെ വ്യാജ നോട്ടിലെ വര്‍ദ്ധനവ് 102 ശതമാനമായിരുന്നു. ഇതിന് പിന്നാലെ കള്ളനോട്ട് പിടികൂടുന്നതിന് അധികൃതര്‍ കൂടുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ ഫലമായിട്ടാണ് ആകെ എണ്ണത്തില്‍ കുറവ് വന്നിരിക്കുന്നത്.

2018 - 2019 സാമ്പത്തിക വര്‍ഷം മാത്രം 500 രൂപയുടെ 21,865 ദശലക്ഷം വ്യാജനോട്ടുകളാണ് കണ്ടെത്തിയത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വ്യാജനോട്ടുകളുടെ എണ്ണം 91,110 ദശലക്ഷമായി ഉയര്‍ന്നു. 2023-24 വര്‍ഷത്തില്‍ ഇത് 85,711 ദശലക്ഷമായി കുറഞ്ഞുവെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്ക്.