barcelona

മാഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന പ്രാഥമിക റൗണ്ട് മത്സരങ്ങളിൽ മുൻ ജേതാക്കളായ ബാഴ്സലോണയ്ക്കും ബയേൺ മ്യൂണിക്കിനും ജയം. ബാഴ്സ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് ഫ്രഞ്ച് ക്ളബ് സ്റ്റേഡ് ബ്രസ്റ്റോയ്സിനെയാണ് തോൽപ്പിച്ചത്.ബാഴ്സയ്ക്ക് വേണ്ടി റോബർട്ട് ലെവൻഡോവ്‌സ്കി രണ്ട് ഗോളുകളും ഡാനി ഓൾമോ ഒരു ഗോളും നേടി.ബയേൺ ഏകപക്ഷീയമായ ഒരു ഗോളിന് പാരീസ് എസ്.ജിയെയാണ് തോൽപ്പിച്ചത്. 38-ാം മിനിട്ടിൽ കിം മിൻ ജേയാണ് ബയേണിനായി സ്കോർ ചെയ്തത്. 56-ാം മിനിട്ടിൽ ഒസ്മാനേ ഡെംബലേ ചുവപ്പുകണ്ട് പുറത്തായതിനാൽ പത്തുപേരുമായാണ് പി.എസ്.ജി കളി പൂർത്തിയാക്കിയത്.

ഇംഗ്ളീഷ് ക്ളബ് ആഴ്സനൽ 5-1ന് സ്പോർട്ടിംഗ് സി.പിയേയും സ്പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡ് 6-0ത്തിന് സ്പാർട്ട പ്രാഹയേയും തോൽപ്പിച്ചു. എ.സി മിലാൻ രണ്ടിനെതിരെ മൂന്നുഗോളുകൾക്ക് സ്ളൊവാൻ ബ്രാത്തിസ്ളാവയെ കീഴടക്കി. ആഴ്സനലിനായി ഗബ്രിയേൽ മാർട്ടിനെല്ലി,കായ് ഹാവെർട്സ്,ഗബ്രിയേൽ മഗലേസ്,ബുകായോ സാക്ക,ലിയാൻഡ്രോ ട്രൊസാഡ് എന്നിവരാണ് സ്കോർ ചെയ്തത്. അത്‌ലറ്റിക്കോയ്ക്ക് വേണ്ടി ജൂലിയൻ അൽവാരേസും ഏൻജൽ കോറിയയും ഇരട്ട ഗോളുകൾ നേടി.മാർക്കോസ് ലോറെന്റേയും ഗ്രീസ്മാനും ഓരോ ഗോളടിച്ചു.

ആർ.ബി ലെയ്പിസിഗിനെ 1-0ത്തിന് തോൽപ്പിച്ച ഇന്റർമിലാനാണ് 13 പോയിന്റുമായി പട്ടികയിൽ മുന്നിൽ. 12 പോയിന്റുള്ള ബാഴ്ലോണ രണ്ടാം സ്ഥാനത്തും ലിവർപൂൾ മൂന്നാം സ്ഥാനത്തുമാണ്.

മത്സരഫലങ്ങൾ

ആഴ്സനൽ 5- സ്പോർട്ടിംഗ് 1

ബാഴ്സലോണ 3-ബ്രസ്റ്റോയ്സ് 0

ബയേൺ 1- പാരീസ് 0

അത്‌ലറ്റിക്കോ 6-സ്പാർട്ട 0

മാഞ്ചസ്റ്റർ സിറ്റി 3- ഫെയനൂർദ് 3

ഇന്റർ മിലാൻ 1- ലെയ്പ്സിഗ് 0

എ.സി മിലാൻ 3- ബ്രാത്തിസ്ളാവ 2

ലെവർകൂസൻ 5- സാൽസ്ബർഗ് 0