gukesh

ലോകചെസ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം റൗണ്ടിൽ ഡിംഗ് ലിറെനെ 37-ാം നീക്കത്തിൽ തോൽപ്പിച്ച് ഡി.ഗുകേഷ്

ചാമ്പ്യൻഷിപ്പിലെ ഗുകേഷിന്റെ ആദ്യ ജയം. 1.5 പോയിന്റുമായി ഇരുവരും ഒപ്പത്തിനൊപ്പം.

ഇന്ന് വിശ്രമദിനം. നാളെ നാലാം റൗണ്ടിൽ ഗുകേഷ് കറുത്ത കരുക്കളുമായി ഇറങ്ങും.

ഒന്നിൽ പിഴച്ചാൽ മൂന്നിലെന്ന ചൊല്ലിന് ചെസിലും സ്ഥാനമുണ്ടെന്നാണ് ലോക ചെസ് ചെസ് ചാമ്പ്യൻഷിപ്പിലെ ഗുകേഷിന്റെ വിജയം സൂചിപ്പിക്കുന്നത്. നിലവിലെ ലോകചാമ്പ്യനായ ഡിംഗ് ലിറെനെതിരെ ആദ്യ റൗണ്ടിൽ തോൽക്കുകയും രണ്ടാം റൗണ്ടിൽ സമനില വഴങ്ങുകയും ചെയ്ത നമ്മുടെ താരം ഡി.ഗുകേഷിന്റെ മൂന്നാം റൗണ്ടിലെ വിജയം ഇന്ത്യൻ ചെസ് പ്രേമികൾക്ക് ആവേശം പകരുന്നതാണ്.

ആദ്യ റൗണ്ടുകളിലെ പിഴവുകളിൽ നിന്ന് പഠിച്ച പാഠങ്ങളാണ് മൂന്നാം റൗണ്ടിൽ ഗുകേഷിന് വിജയം നൽകിയതെന്ന് പറയാം. ആദ്യ രണ്ട് റൗണ്ടുകളിലും വളരെ സമയമെടുത്താണ് ഗുകേഷ് നീക്കങ്ങൾ ന‌‌ടത്തിയിരുന്നത്. എന്നാൽ ഇന്നലെ വെള്ളക്കരുക്കളുമായി കളിച്ച ഗുകേഷ് വളരെ വേഗത്തിൽതന്നെ നീക്കങ്ങൾ നടത്തി. മറുവശത്ത് ചൈനീസ് താരത്തിന് നീക്കങ്ങളിൽ പതിവുവേഗമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സമയം അവസാനിക്കുമ്പോൾ 36-ാമത്തെ മാത്രം നീക്കത്തിൽ മാത്രം എത്താനായ ലിറെന് തോൽവിയും സമ്മതിക്കേണ്ടി വന്നു.

ആദ്യ റൗണ്ടുകൾക്ക് ശേഷം ഗുകേഷ് പറഞ്ഞത് ഇതൊരു വലിയ പോരാട്ടത്തിന്റെ തുടക്കം മാത്രമാണെന്നാണ്. ആ ആത്മവിശ്വാസം ഇന്നലെ ഗുകേഷിൽ നിറഞ്ഞുനിന്നു. ലിറെനെതിരെ ഗുകേഷ് നേടുന്ന ആദ്യ വിജയമാണിത്. വരും റൗണ്ടുകളിൽ മികച്ച രീതിയിൽ മുന്നേറാൻ ഈ ജയം ഗുകേഷിനെ സഹായിക്കും. വിശ്രമദിനമായ ഇന്ന് മത്സരമില്ല. നാളെ നാലാം റൗണ്ടിൽ കറുത്ത കരുക്കളുമായാണ് ഗുകേഷ് കളിക്കുക.

പത്താം നീക്കത്തിലെ

ഉൗരാക്കുടുക്ക്

ആദ്യ റൗണ്ടിൽ ഗുകേഷിന്റെ കയ്യിൽ നിന്ന് കളി പോയത് പത്താമത്തെ നീക്കത്തിലായിരുന്നു. യാദൃശ്ചികമെന്നോണം ഇന്നലെ ലിറെനും പിഴച്ചത് പത്താമത്തെ നീക്കത്തിലാണ്. ക്വീൻ ഗാംബിറ്റ് ഡിക്ളെയ്ൻഡ് എന്ന ഓപ്പണിംഗിലാണ് ഗുകേഷ് കളി തുടങ്ങിയത്. രാഞ്ജിയുടെ മുന്നിലുള്ള കാലാളിനെ രണ്ടു കളം (d4) തള്ളിവെച്ച് ഗുകേഷ് നടത്തിയ പ്രലോഭനത്തിൽ വീഴാതിരുന്ന ലിറെന് പക്ഷേ പത്താം നീക്കത്തിൽ ബിഷപ്പിനെ c2വിൽ വെച്ച ലിറെന് അതൊരു ഉൗരാക്കുടുക്കായാണ് മാറിയത്. ഒരു കാലാളിനെ എടുക്കാൻ ലക്ഷ്യമിട്ട് നടത്തിയ ആ നീക്കത്തിന് വലിയ വിലകൊടുക്കേണ്ടിവന്നു. ട്രാപ്പിൽ കുട‌ുക്കിയ ബിഷപ്പിനെ റൂക്ക് വച്ച് ഗുകേഷ് എടുക്കുകയും ചെയ്തു. ഇതോടെ സമയസമ്മർദ്ദത്തിന് അടിപ്പെട്ട ലിറെന് കളിയും കൈവിടേണ്ടി വന്നു.

(പ്രമുഖ ചെസ് പുസ്തക രചയിതാവാണ് ലേഖകൻ)

ഈ വിജയത്തിൽ വലിയ സന്തോഷം തോന്നുന്നു. ആദ്യ രണ്ട് റൗണ്ടുകളിലെയും എന്റെ പ്രകടനത്തിൽ സംതൃപ്തിയുണ്ടായിരുന്നു. മൂന്നാം റൗണ്ടിൽ കുറച്ചുകൂടി നന്നായി കളിക്കാനായി.അർജുൻ എരിഗേസിക്കെതിരെ വ്ളാഡിമിർ ക്രാംനിക്ക് ഒരു റാപ്പിഡ് മത്സരത്തിൽ പുറത്തെ‌ടുത്ത ക്വീൻസ് ഗാംബിറ്റ് ഓപ്പണിംഗാണ് എനിക്ക് പ്രചോദനമായത്.

- ഡി.ഗുകേഷ്