car

ഇന്ത്യയിലെ കാർ വിൽപനയിൽ ഒന്നാമതായി നിൽക്കുന്ന കമ്പനി മാരുതി സുസുകി തന്നെയാണ്. വിൽപന ഏറെയുണ്ടെങ്കിലും പ്രതിവർഷ കണക്ക് നോക്കിയാൽ ഇക്കഴിഞ്ഞ ഒക്‌ടോബർ മാസത്തിൽ കമ്പനിയ്‌ക്ക് അഞ്ച ്ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. 2023 ഒക്‌ടോബറിൽ 1,68,047 യൂണിറ്റ് ആയിരുന്നു വിൽപനയെങ്കിൽ ഈ വർ‌ഷം ഒക്‌ടോബറിൽ അത് 1, 59,591 യൂണിറ്റാണ് വിൽപന നടന്നത്. 5.03 ശതമാനത്തിന്റെ കുറവ്.

കോംപാക്‌ട് എസ്‌യുവിയായ ഫ്രോംഗ്‌സ് ആണ് ഒക്‌ടോബർ മാസത്തിൽ ഏറ്റവുമധികം കൂടിയ അളവിൽ വിറ്റത്. 44.57 ശതമാനമാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപന കൂടുതൽ. എന്നാൽ ഏറ്റവുമധികം യൂണിറ്റ് വിറ്റത് മാരുതിയുടെ ഫാമിലി കാറായ എർടിഗയാണ്. 18,785 യൂണിറ്റ്. മുൻ വർഷത്തെ അപേക്ഷിച്ച് 32 ശതമാനം വർദ്ധന. അതേസമയം മാരുതിയുടെ പ്രീമിയം മൾട്ടി പർപസ് വെഹിക്കിൾ സെക്ഷനിൽ പെട്ട ഇൻവിക്‌റ്റോയുടെ കാര്യം അൽപം മോശമാണ്.

മോഡലിനെ അത്ര പരിചയമില്ലാത്തവർക്ക് വേണ്ടി പറഞ്ഞാൽ ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ റീബാഡ്‌ജ്‌ഡ് പതിപ്പാണ് ഇൻവിക്ടോ. ഇന്നോവ ഹൈക്രോസിന്റെ വിൽപന ടൊയോട്ടയ്‌ക്ക് അഭിമാനിക്കാവുന്ന നേട്ടമാണെങ്കിൽ മാരുതിയ്‌ക്ക് ഇൻവിക്‌റ്റോ അങ്ങനെയല്ല. മുൻ വർഷത്തിൽ ഇതേസമയത്തെക്കാൾ 38 ശതമാനമാണ് ഇൻവിക്ടോയുടെ വിൽപനയിലെ കുറവ്.

478 യൂണിറ്റുകളാണ് 2023 ഒക്‌ടോബറിൽ വിറ്റതെങ്കിൽ ഈ വർഷം അത് 296 ആയി ചുരുങ്ങി. സെപ്‌തംബർ, ഒക്‌ടോബർ മാസങ്ങളിലും സമാനമായ കുറവാണ് ഉള്ളത്. 312 യൂണിറ്റ് സെപ്‌തംബറിൽ വിറ്റുപോയെങ്കിൽ ഒക്‌ടോബറിൽ അത് 296 ആയി. 16 യൂണിറ്റ് കുറവ്. 7,8 സീറ്റുകൾ ഓപ്‌ഷനിലാണ് ഇൻവിക്‌റ്റോ വാങ്ങാനാകുക. നെക്സ ബ്ലൂ, മജസ്റ്റിക് സിൽവർ,സ്‌റ്റെല്ലാർ ബ്രൗൺ, മിസ്റ്റിക് വൈറ്റ് എന്നീ 4 കളർ ഓപ്ഷനുകളിലാണ് ലഭ്യമാകും.

മൂന്ന് വേരിയന്റുകളിൽ ലഭിക്കുന്ന ഇൻവിക്ടോയുടെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 24.79 ലക്ഷം രൂപയാണ്. ഹൈഎൻഡ് വേരിയന്റിന് 28.42 ലക്ഷം രൂപയാകും. മാരുതി സുസുക്കിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ നെക്സ ഡീലർഷിപ്പുകൾ വഴിയോ 25,000 രൂപ നൽകി ബുക്ക് ചെയ്യാം.

ഇൻവിക്‌ടോ പവർഫുൾ ഹൈബ്രിഡ് ഓപ്ഷനിൽ മാത്രമാണ് ലഭ്യമാകുന്നത്. 2.0 ലിറ്റർ, 4 സിലിണ്ടർ അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ എഞ്ചിനാണുള്ളത്. 184 ബിഎച്ച്പി പവറും 188 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഒരു ഇസിവിടി ട്രാൻസ്മിഷനുമായിട്ടാണ് വരുന്നത്. ഒരു ലിറ്റർ പെട്രോളിൽ 23.24 കിലോമീറ്റർ വരെ മൈലേജ് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ 9.5 സെക്കൻഡ് മതി. കരുത്തിന്റെ കാര്യത്തിലും മൈലേജിലും മികവ് പുലർത്തുന്നു.


10.1 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണുള്ളത്. വലിയ പനോരമിക് സൺറൂഫുമുണ്ട്. ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, വെഹിക്കിൾ സ്‌റ്റെബിലിറ്റി കൺട്രോൾ സിസ്റ്റം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ എന്നീ സുരക്ഷാ ഫീച്ചറുകളും ഇൻവി‌ക്‌ടോയിൽ ഉണ്ട്.