ind-vs-pakistan

മുംബയ്: പാകിസ്ഥാന്‍ വേദിയാകുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ടീമിനെ അയക്കില്ലെന്ന ഇന്ത്യയുടെ നിലപാടിന് മുന്നില്‍ ഒടുവില്‍ പാകിസ്ഥാന്‍ വഴങ്ങുന്നതായി സൂചന. ഇന്ത്യ മുന്നോട്ടുവെച്ച ഹൈബ്രിഡ് മോഡലിന് ഒരു കാരണവശാലും വഴങ്ങില്ലെന്ന മുന്‍ നിലപാടില്‍ നിന്ന് പാകിസ്ഥാന്‍ പിന്നോട്ട് പോയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഐസിസിയും ബിസിസിഐയും പിസിബിയും ചേര്‍ന്ന് നടത്തിയ ചര്‍ച്ചകളില്‍ ഹൈബ്രിഡ് മോഡലിന് പാകിസ്ഥാന്‍ വഴങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മുന്‍ പാകിസ്ഥാന്‍ നായകന്‍ റഷീദ് ലത്തീഫ് ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. പാകിസ്ഥാന് മുന്നില്‍ ഐസിസി ചില ഓഫറുകള്‍ വെച്ചതായി മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാര്‍ഷിക വിഹിതത്തിന് പുറമേ ഇന്‍സെന്റീവും ഓഫര്‍ ചെയ്തുവെന്നാണ് സൂചന. ഐസിസിയും രണ്ട് ബോര്‍ഡുകളും തമ്മിലുണ്ടാക്കിയ ധാരണ് പ്രകാരം ഇന്ത്യ അവരുടെ മത്സരങ്ങള്‍ക്കായി പാകിസ്ഥാനിലേക്ക് പോകില്ല. പകരം ഇന്ത്യ തങ്ങളുടെ മത്സരങ്ങള്‍ ദുബായില്‍ കളിക്കും.

പിസിബി ഹോസ്റ്റിംഗ് അവകാശങ്ങളില്‍ നിന്ന് നീക്കം ചെയ്യില്ല, പക്ഷേ ഇന്ത്യ അവരുടെ മത്സരങ്ങള്‍ മറ്റൊരു രാജ്യത്ത് കളിക്കും. ഇന്ത്യ നോക്കൗട്ട് ഘട്ടത്തില്‍ എത്തിയാല്‍ സെമിഫൈനലും ഫൈനലും പാകിസ്ഥാന് പുറത്ത് നടക്കും- ലത്തീഫ് പറഞ്ഞു. എട്ട് ടീമുകളുടെ ടൂര്‍ണമെന്റ് അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്, എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ഇന്ത്യന്‍ സര്‍ക്കാര്‍ എന്‍ഒസി നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് പാകിസ്ഥാനില്‍ കളിക്കാന്‍ ബിസിസിഐ വിസമ്മതിക്കുകയായിരുന്നു.

ഇന്ത്യയുടെ മത്സരങ്ങള്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ലാഹോറില്‍ നടത്താമെന്നാണ് പിസിബി അറിയിച്ചത്. സുരക്ഷയുടെ കാര്യത്തില്‍ ആശങ്കയുണ്ടെങ്കില്‍ പാകിസ്ഥാനില്‍ തങ്ങേണ്ടതില്ലെന്നും ബെസ് ക്യാമ്പായി മൊഹാലി തിരഞ്ഞെടുത്ത ശേഷം മത്സര ദിവസം മാത്രം ലാഹോറിലേക്ക് എത്തിയാല്‍ മതിയെന്ന ഫോര്‍മുലയും പാകിസ്ഥാന്‍ മുന്നോട്ടുവെച്ചിരുന്നെങ്കിലും ഇത് ഇന്ത്യ അംഗീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഇന്ത്യ വന്നില്ലെങ്കിലും ടൂര്‍ണമെന്റ് നടക്കുമെന്നും പകരം ശ്രീലങ്കയെ കളിപ്പിക്കണമെന്നും മുന്‍ പാക് താരങ്ങള്‍ ഉള്‍പ്പെടെ അഭിപ്രായപ്പെട്ടിരുന്നു.