
ടെൽ അവീവ്: ലെബനനിലെ ഹിസ്ബുള്ള - ഇസ്രയേൽ വെടിനിറുത്തലിന് പിന്നാലെ ഗാസ യുദ്ധം അവസാനിപ്പിക്കാൻ കരാറിന് സന്നദ്ധമായി ഹമാസും. വെടിനിറുത്താനും തടവുകാരെ പരസ്പരം കൈമാറാനും ഗൗരവമുള്ള ഒരു കരാറുണ്ടാക്കാൻ തയ്യാറാണെന്ന് ഹമാസ് മദ്ധ്യസ്ഥ രാജ്യങ്ങളായ ഈജിപ്റ്റിനെയും ഖത്തറിനെയും തുർക്കിയേയും അറിയിച്ചു. അതേസമയം ഇസ്രയേലാണ് വെടിനിറുത്തലിന് തടസമെന്നും ഹമാസ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
ഇസ്രയേലിനെതിരെയുള്ള യുദ്ധത്തിൽ സഹായികളായിരുന്ന ലെബനനും ഹിസ്ബുള്ളയും വെടിനിറുത്തലിന് സമ്മതിച്ചതോടെ തങ്ങൾ കൂടുതൽ ദുർബലമാകുമെന്നത് ഹമാസിനെ സമാധാനത്തിന് പ്രേരിപ്പിക്കുന്നു എന്നാണ് സൂചന.
13 മാസം നീണ്ട പോരാട്ടത്തിനൊടുവിൽ ഇന്നലെ ഇന്ത്യൻ സമയം രാവിലെ 7.30 മുതൽ ലെബനൻ - ഇസ്രയേൽ അതിർത്തിയിൽ വെടിനിറുത്തൽ നിലവിൽ വന്നു. ചൊവ്വാഴ്ച അർദ്ധരാത്രിയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെടിനിറുത്തൽ കരാർ പ്രഖ്യാപിച്ചത്. യു.എസിന്റെയും ഫ്രാൻസിന്റെയും മദ്ധ്യസ്ഥതയിലാണ് കരാറുണ്ടാക്കിയത്.
ഇതോടെ രാവിലെ മുതൽ ആയിരക്കണക്കിന് ജനങ്ങൾ തെക്കൻ ലെബനനിലേക്ക് കൂട്ടത്തോടെ തിരിച്ചെത്തിയത് ഗതാഗതം സ്തംഭിപ്പിച്ചു. ചില മേഖലകൾ ഇപ്പോഴും സുരക്ഷിതമല്ലെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി.
കരാർ ഇങ്ങനെ
 60 ദിവസം വെടിനിർത്തും. അനിഷ്ട സംഭവങ്ങളില്ലെങ്കിൽ സ്ഥിരം വെടിനിറുത്തൽ
 60 ദിവസത്തിനകം ഇസ്രയേൽ സൈന്യം തെക്കൻ ലെബനനിൽ നിന്ന് പിന്മാറും. പകരം, 5,000 ലെബനീസ് സൈനികരെ വിന്യസിക്കും
 ഹിസ്ബുള്ള അതിർത്തിയിൽ നിന്ന് 30 കിലോമീറ്റർ പിന്മാറി ലിറ്റാനി നദിയുടെ വടക്കോട്ട് പോകും
 പ്രകോപനമുണ്ടായാൽ ഇസ്രയേൽ തിരിച്ചടിക്കും
 കരാർ നടപ്പാക്കൽ യു.എസും ഫ്രാൻസും ഉൾപ്പെട്ട സമിതി നിരീക്ഷിക്കും
------------
ഇസ്രയേൽ വെടിനിറുത്താൻ കാരണം
1. ഇറാന്റെ ഭീഷണിയിൽ ശ്രദ്ധകേന്ദ്രീകരിക്കണം
2. സൈന്യത്തെയും ആയുധശേഖരവും മെച്ചപ്പെടുത്താം
3. ഹമാസ് ഒറ്റപ്പെടും. ബന്ദികളെ മോചിപ്പിക്കാൻ സമ്മർദ്ദമേറും
------------
# ഇസ്രയേൽ - ഹിസ്ബുള്ള സംഘർഷം
മരണം
ലെബനൻ - 3,823
ഇസ്രയേൽ - 140
------------
# തകർന്ന് ലെബനൻ
 ലെബനനിൽ അഭയാർത്ഥികൾ - 8,86,000
 സിറിയയിലേക്ക് പലായനം ചെയ്തവർ - 5,40,000
 നാശഷ്‌ടം - 850 കോടി ഡോളർ
------------
# ഹിസ്ബുള്ള ദുർബലം
 2023 ഒക്‌ടോബറിൽ ഗാസ യുദ്ധം തുടങ്ങി. ഹമാസിനെ പിന്തുണച്ച് വടക്കൻ ഇസ്രയേലിലേക്ക് ഹിസ്ബുള്ളയുടെ റോക്കറ്റാക്രമണം . തിരിച്ചടിച്ച് ഇസ്രയേൽ
ഇസ്രയേൽ കഴിഞ്ഞ മാസം തെക്കൻ ലെബനനിൽ കരയാക്രമണം തുടങ്ങി
 മേധാവി ഹസൻ നസ്രള്ള അടക്കം ഉന്നതർ കൊല്ലപ്പെട്ടതോടെ ഹിസ്ബുള്ള ദുർബലം
------------
 ഗാസയിൽ ഹമാസിന്റെ അധികാരം ഇല്ലാത്ത, ബന്ദികളെ കൈമാറാനും വെടിനിറുത്താനുമുള്ള കരാറിനാണ് ശ്രമിക്കുന്നത്.
- ജോ ബൈഡൻ, യു.എസ് പ്രസിഡന്റ്