
ബെംഗളുരു: ബന്ധുവീ്ട്ടിലെത്തിയ യുവതിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രപ്രദേശ് തിരുമല സ്വദേശി വെങ്കിട്ടരമണയുടെ ഭാര്യ ലക്ഷ്മിയെയാണ് (24) ബംഗളുരു നെലമംഗലയിലെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാപാരിയായ വെങ്കിട്ടരമണയും ഭാര്യ ലക്ഷ്മിയും ഞായറാഴ്ച രാവിലെയാണ് നെലമംഗലയിലെ ബന്ധുവീട്ടിൽ സന്ദർശനത്തിനെത്തിയത്. പിന്നാലെ ലക്ഷ്മി കുളിക്കാനായി കുളിമുറിയിലേക്ക് പോയി. കുളിച്ചതിന് ശേഷം പുറത്തേക്ക് പോകണമെന്ന് പറഞ്ഞിട്ടാണ് യുവതി കുളിമുറിയിലേക്ക് പോയത്. നേരം കുറേ ആയിട്ടും ലക്ഷ്മി കുളികഴിഞ്ഞ് വന്നില്ല. ഭർത്താവും ബന്ധുക്കളും കുളിമുറിയുടെ വാതിലിൽ തട്ടി വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. ഇതോടെ വാതിൽ തകർത്ത് കുളിമുറിയിൽ കടന്നപ്പോഴാണ് യുവതി അബോധാവസ്ഥയിൽ നിലത്ത് വീണുകിടക്കുന്നത് കണ്ടത്. യുവതിയുടെ മുഖത്ത് വിചിത്രമായ ചില അടയാളങ്ങളും ഉണ്ടായിരുന്നു. ഉടൻതന്നെ യുവതിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
യുവതിയുടെ മരണകാരണത്തെ കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മുഖത്ത് കണ്ടെത്തിയ അടയാളങ്ങളിലും ദുരൂഹതയുണ്ട് . സ്ഥലത്ത് ഫോറൻസിക് പരിശോധന നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി നെലമംഗല ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു.