
ഇൻഡോർ: കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഐ.പി.എൽ താരലേലത്തിൽ ഉർവിൽ പട്ടേൽ എന്ന പേരുവിളിച്ചപ്പോൾ ഒരു താത്പര്യവും പ്രകടിപ്പിക്കാതിരുന്ന ടീമുകൾ ഇന്ന് ഞെട്ടിക്കാണും. കാരണം സെയ്ദ് മുഷ്താഖ് അലി ട്രോഫി ദേശീയ ട്വന്റി20 ചാമ്പ്യൻഷിപ്പിൽവെറും 28 പന്തുകളിൽ നിന്ന് സെഞ്ച്വറിയടിച്ചിരിക്കുകയാണ് ഈ ഗുജറാത്തുകാരൻ.
ഇൻഡോറിൽ ത്രിപുരയ്‌ക്കെതിരായ മത്സരത്തിൽ 35 പന്തുകൾ നേരിട്ട ഉർവിൽ പട്ടേൽ, ഏഴു ഫോറും 12 സിക്സും സഹിതം 113 റൺസുമായി പുറത്താകാതെ നിന്നു. 322.86 ആണ് പട്ടേലിന്റെ സ്‌ട്രൈക്ക് റേറ്റ്. മത്സരത്തിൽ ആദ്യം ബാറ്റ്‌ചെയ്ത ത്രിപുര 155/8 എന്ന സ്‌കോർ ഉയർത്തിയപ്പോൾ 58 പന്തുകളും എട്ടു വിക്കറ്റുകളും ബാക്കിയാക്കി ഗുജറാത്ത് വിജയത്തിലെത്തി.
2018ലെ സെയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ 32 പന്തുകളിൽ സെഞ്ച്വറി നേടി ഏറ്റവും വേഗതയിൽ ട്വന്റി20 ശതകം കുറിച്ചിരുന്ന റിഷഭ് പന്തിന്റെ റെക്കാഡാണ് ഉർവിൽ തകർത്തത്. ഇത്തവണ താരലേലത്തിൽ 27 കോടി രൂപയ്ക്കാണ് റിഷഭിനെ ലക്നൗ സൂപ്പർ ജയന്റ്സ് വാങ്ങിയത്.
കഴിഞ്ഞ ഐ.പി.എൽ സീസണിൽ 20 ലക്ഷം രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയ ഉർവിലിനെ, ഈ സീസണിനു മുന്നോടിയായി ടീം ഒഴിവാക്കിയിരുന്നു.