telecom

മൊബൈല്‍ താരിഫ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ മൊബൈല്‍ സേവന ധാതാക്കള്‍ക്ക് വന്‍ നഷ്ടമാണ് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഉണ്ടായത്. ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ - ഐഡിയ തുടങ്ങിയ സ്വകാര്യ കമ്പനികളെ ഉപേക്ഷിച്ച് ലക്ഷക്കണക്കിന് ആളുകള്‍ പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിലേക്ക് പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ അപകടം മനസ്സിലാക്കിയ കമ്പനികള്‍ മികച്ച ഓഫറുകള്‍ അവതരിപ്പിച്ച് തങ്ങളുടെ കസ്റ്റമേഴ്‌സിനെ നിലനിര്‍ത്താന്‍ രംഗത്ത് വരികയും ചെയ്തു.

മൊബൈല്‍ ഫോണുകള്‍ ഡാറ്റ പാക്കുകള്‍ക്ക് വേണ്ടിയാണ് ഫോണ്‍കോളുകളേക്കാള്‍ കൂടുതലായി ആളുകള്‍ ഉപയോഗിക്കുന്നത്. ഇത് മനസ്സിലാക്കി വമ്പന്‍ ഓഫര്‍ അവതരിപ്പിച്ചിരിക്കുകയാണ് അംബാനിയുടെ ജിയോ ഇപ്പോള്‍. ചുരുങ്ങിയ നിരക്കില്‍ അണ്‍ലിമിറ്റഡ് ഡേറ്റ നല്‍കുന്ന പദ്ധതിയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഈ പദ്ധതി പ്രകാരം 601 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് 5ജി ഡേറ്റ ലഭിക്കും. 4ജി ഉപയോക്താക്കള്‍ക്ക് പുതിയ പാക്കേജിലേക്ക് മാറാന്‍ ഈ പ്ലാന്‍ ഉപയോഗിക്കാം.

എന്നാല്‍ 601 രൂപ മുടക്കി ഒറ്റത്തവണയായി റീചാര്‍ജ് ചെയ്യാന്‍ കഴിയില്ലെന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. പ്രതിമാസം 51 രൂപയുടെ പ്ലാന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് 5ജി ഡാറ്റ പാക്ക് ലഭിക്കും. ജിയോ 5ജി ഉപയോഗിക്കുന്നവര്‍ക്കായി 1,111 രൂപയ്ക്ക് എയര്‍ഫൈബര്‍ കണക്ഷന്‍ നല്‍കുന്ന പദ്ധതിയും ജിയോ പുറത്തിറക്കിയിട്ടുണ്ട്. സാധാരണ ഈടാക്കാറുള്ള 1,000 രൂപ ഇന്‍സ്റ്റാലേഷന്‍ ചാര്‍ജ് ഈ പ്ലാനില്‍ ഈടാക്കില്ല.

താരിഫ് വര്‍ധിപ്പിച്ചതോടെ നിരവധി ഉപയോക്താക്കളാണ് ജിയോ ഉപേക്ഷിച്ച് ബി.എസ്.എന്‍.എല്ലിലേക്ക് ചേക്കേറിയത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) സെപ്റ്റംബറിലെ കണക്കു പ്രകാരം ജിയോക്ക് 79 ലക്ഷം ഉപയോക്താക്കളെയാണ് നഷ്ടമായത്. വോഡഫോണിന് 15 ലക്ഷം ഉപയോക്താക്കളെയും എയര്‍ടെല്ലിന് 14 ലക്ഷം ഉപയോക്താക്കളെയും നഷ്ടമായി.