
മലപ്പുറം : ഓണം, റംസാൻ, ബക്രീദ്, ക്രിസ്മസ്, പുതുവത്സര സീസണുകളിലാണ് ഏറ്റവും കൂടുതൽ പ്രവാസി മലയാളികൾ നാട്ടിലേക്ക് എത്തുന്നത്. ഇതിൽ കൂടുതലും ഗൾഫ് രാജ്യങ്ങളിൽ നിന്നായിരിക്കും. ഉത്സവ സീസൺ ലാഭം കൊയ്യാനുള്ള അവസരമായി കാണുന്നവരാണ് വിമാനക്കമ്പനികൾ. ഇത്തവണയും വിമാനക്കമ്പനികൾ പതിവ് തെറ്റിച്ചില്ല. ക്രിസ്മസ്, പുതുവത്സര സീസണിലെ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയാക്കി വർദ്ധിപ്പിച്ചിരിക്കുകയാണ് വിമാനക്കമ്പനികൾ. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ സെക്ടറുകളിലാണ് നിരക്ക് വർദ്ധന കൂടുതൽ ഗ്രൂപ്പ് ടിക്കറ്റിന്റെ മറവിൽ ട്രാവൽ ഏജൻസികൾ മുൻകൂട്ടി കൂട്ടത്തോടെ വിമാനടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതും നിരക്ക് വർദ്ധനയ്ക്ക് കാരണമായി. ടിക്കറ്റ് ചെലവ് താങ്ങാനാവാതെ പല പ്രവാസി കുടുംബങ്ങളും യാത്ര മാറ്റി വയ്ക്കാനുള്ള തീരുമാനത്തിലാണ്.
ഇന്ത്യ-യു.എ.ഇ സെക്ടറിൽ ആഴ്ചയിൽ 65,000 സീറ്റാണ് അനുവദിച്ചിട്ടുള്ളത്. സീസണിൽ ഒരുലക്ഷത്തോളം യാത്രക്കാരുണ്ടാവും. അപ്പോൾ, സർവീസുകൾ വർദ്ധിപ്പിക്കുകയോ കൂടുതൽ സീറ്റുകളുള്ള വലിയ വിമാനങ്ങൾ ഉപയോഗിക്കുകയോ ചെയ്യണം. സർവീസ് അനുവദിക്കുന്നത് രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി കരാർ പ്രകാരമായതിനാൽ കേന്ദ്ര സർക്കാർ ഇടപെടണം. സീസണിൽ ചാർട്ടേഡ് ഫ്ളൈറ്റിനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിന് വ്യോമയാന മന്ത്രാലയം അനുമതി നൽകിയിട്ടില്ല. ഓണം, പെരുന്നാൾ, ക്രിസ്മസ് സീസണുകളിൽ ട്രാവൽ ഏജൻസികളുടെ ഗ്രൂപ്പ് ബുക്കിംഗ് നിയന്ത്രിക്കണം.
(എയർഇന്ത്യ എക്സ്പ്രസ് -
ഡിസംബറിലെ നിരക്ക് )
ദുബായ് - കോഴിക്കോട് ...........................22,000 - 24,500
ഷാർജ - കോഴിക്കോട് ..............................22,000 - 24,500
ജിദ്ദ -കോഴിക്കോട് ....................................37,500 - 40,500
ദോഹ - കൊച്ചി .........................................34,500 - 40,500
അബുദാബി - കൊച്ചി ..............................29,500 - 31,500
അബുദാബി - തിരുവനന്തപുരം ............30,000 - 32,000
ദുബായ് -കണ്ണൂർ.......................................24,000 - 25,500