
''സത്യത്തിൽ ആർക്കെങ്കിലും പരസ്പരം പിണങ്ങാനും, തല്ലുകൂടാനും ഇഷ്ടമുണ്ടോ? സ്വബോധമുള്ള ആരും പറയില്ലല്ലോ, എനിക്ക് അടികലശൽ അത്രമേൽ ഹൃദ്യമാണെന്ന്! എന്നാൽ തമ്മിലടിക്കും, കൂട്ടത്തല്ലിനും  വല്ല കുറവുമുണ്ടോ? അല്ലെങ്കിൽ കുടുംബക്കോടതികളുടെ എണ്ണം ഇത്രകണ്ട് ഇരട്ടിക്കുമോ! തമാശയായി പണ്ട് ഏതോ സിനിമയിൽ കേട്ടതുപോലെ, 'ഒരു ജോലി കിട്ടിയിട്ടു വേണം, കുറച്ചു ലീവ് എടുക്കാൻ!" അതുപോലെ, ഒരു കല്യാണം കഴിച്ചിട്ടു വേണം, 'ഡിവോഴ്സ് "വാങ്ങാൻ എന്ന ചിന്തയോടെ താലി കെട്ടുന്നവരും, അതിനായി മാത്രം തലകുനിച്ചു നിന്നു കൊടുക്കുന്ന വരുമുണ്ടാകുമോ! എന്താണ് മനുഷ്യർ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?  അങ്ങനെയൊക്കെ ആലോചിക്കാൻ തുടങ്ങിയാൽ പിന്നെ തല്ല് പിടിക്കാൻ പറ്റാതെയാകില്ലേ? എല്ലാം കൂടി നടക്കില്ലല്ലോ, എല്ലാത്തിനും നമ്മളല്ലേയുള്ളൂ!"" പതിവിൽ നിന്നും വ്യത്യസ്തതയോടെയാണ് പ്രഭാഷകൻ സംവദിച്ചു തുടങ്ങിയതെങ്കിലും, ധർമ്മസങ്കടങ്ങൾ പോലെ കുടുംബവഴക്കുകളും, പ്രശ്നങ്ങളും അസ്വസ്ഥതയോടെ പറഞ്ഞ് ആക്ഷേപ ഹാസ്യത്തിലെത്തിച്ച പോലെയായിരുന്നു പ്രഭാഷകൻ അവതരിപ്പിച്ചത്. വളരെ വാത്സല്യമുണ്ടായിരുന്ന ഏതെങ്കിലും കുടുംബത്തിൽ സംഭവിച്ച പ്രശ്നങ്ങളായിരിക്കാം പ്രഭാഷകന്റെ ഭാവമാറ്റത്തിനു കാരണമായതെന്ന ചിന്തയിലായിരുന്നു സദസ്യരിൽ ചിലർ. സദസ്യരുടെ മനോവ്യാപാരങ്ങളറിഞ്ഞ പോലെ പുഞ്ചിരിച്ചുകൊണ്ട് പ്രഭാഷകൻ ഇപ്രകാരം തുടർന്നു:
''എല്ലാം ഓരോരോ താത്പര്യങ്ങളല്ലേ?പരസ്പരം അപ്രകാരമുള്ള താത്പര്യങ്ങളറിയാതെയും, മനസിലാക്കാതെയും പോകുന്നതല്ലേ മനുഷ്യരുടെ അടിസ്ഥാനപ്രശ്നം! മറ്റൊരു രീതിയിൽ പറഞ്ഞാൽ, ആരും ആരെയും അറിയുന്നില്ല! അല്ലെങ്കിൽ, അറിയാൻ ശ്രമിക്കുന്നില്ല! അറിയേണ്ടവർ പരസ്പരം അറിഞ്ഞിരുന്നെങ്കിൽ, ഹിതകരമല്ലാത്ത താത്പര്യങ്ങൾ താനേ മാറിപോകില്ലേ? പെൺമാനിന്റെ കൺപോളയിലെ അസ്വസ്ഥത, അതിന്റെ ഇണമാൻ, കൂർത്ത തന്റെ കൊമ്പുകൊണ്ട് ഉരസി മാറ്റിക്കൊടുക്കുന്നതു കണ്ടിട്ടില്ലേ! അതാണ് പരസ്പര വിശ്വാസം! അതിപ്പോഴും, പക്ഷിമൃഗാദികൾക്കിടയിലുണ്ട്. പക്ഷെ, വിദ്യാസമ്പന്നരും, സംസ്കാര സമ്പന്നരുമെന്നു പറഞ്ഞു നടക്കുന്ന മനുഷ്യർക്കിടയിലുണ്ടോ? ഉണ്ടായിരുന്നെങ്കിൽ, കുടുംബക്കോടതികളുടെ മുന്നിൽ ആൾക്കൂട്ട മാമാങ്കങ്ങൾ ഉണ്ടാകുമായിരുന്നോ!"" ഇപ്രകാരം പ്രഭാഷകൻ നിറുത്തുമ്പോൾ, സദസ്യരിൽ, ചിലർ തൂവാലകൊണ്ട് കണ്ണുനീരൊപ്പുന്നതു കാണാമായിരുന്നു.