rp-17

ജിദ്ദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീം സ്വന്തമാക്കിയത്. സൗദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന അടുത്ത സീസണിലേക്കുള്ള മെഗാ താരലേലത്തില്‍ 27 കോടി രൂപയാണ് എല്‍എസ്ജി പന്തിനായി മുടക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുന്‍ നായകന് ലഭിച്ചത് ഐപിഎല്‍ താരലേലത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുകയാണ്. അന്നേ ദിവസം ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് പഞ്ചാബ് കിംഗ്‌സ് ശ്രേയസ് അയ്യര്‍ക്ക് വേണ്ടി മുടക്കിയ 26.75 കോടിയുടെ റെക്കോഡാണ് പഴങ്കഥയായി മാറിയത്.

റിഷഭ് പന്തിന് നികുതി കഴിഞ്ഞ് ശമ്പളമായി ലഭിക്കുക 18.9 കോടി രൂപയാണ്. 8.1 കോടി രൂപയാണ് തന്റെ പ്രതിഫലത്തില്‍ നിന്ന് റിഷഭിന് നികുതിയായി നല്‍കേണ്ടത്. കഴിഞ്ഞ സീസണിന് ശേഷം ടീമില്‍ നിന്ന് ഒഴിവാക്കിയ കെ.എല്‍ രാഹുലിന് പകരം ലക്‌നൗവിനെ നയിക്കുന്നത് റിഷഭായിരിക്കും. താരലേലത്തില്‍ കെ. എല്‍ രാഹുലിനെ റിഷഭ് പന്തിന്റെ മുന്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സ് ആണ് സ്വന്തമാക്കിയിരിക്കുന്നതെന്നത് മറ്റൊരു കൗതുകം.

റെക്കോഡ് തുകയ്ക്ക് താരങ്ങള്‍ വിറ്റുപോകുന്നതിനാണ് ഇത്തവണ ഐപിഎല്‍ താരലേലം സാക്ഷിയായത്. ലക്ഷ്യമിട്ട താരങ്ങളെ തങ്ങളുടെ തട്ടകത്തിലെത്തിക്കാന്‍ ടീമുകള്‍ ലേലത്തില്‍ പരസ്പരം പോരടിച്ചപ്പോള്‍ നിരവധി പേരുടെ പോക്കറ്റിന് കോടികളുടെ കിലുക്കമാണ്.

ഇത്തവണ താര ലേലത്തില്‍ ഉയര്‍ന്ന തുക ലഭിച്ച താരങ്ങള്‍

റിഷഭ് പന്ത് - ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് - 27 കോടി

ശ്രേയസ് അയ്യര്‍ - പഞ്ചാബ് കിംഗ്‌സ് - 26.75 കോടി

വെങ്കിടേഷ് അയ്യര്‍ - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - 23.75 കോടി