gold

ഒരു വര്‍ഷത്തിനുള്ളില്‍ ഔണ്‍സിന്റെ വില 3,150 ഡോളറിലെത്തുമെന്ന് പ്രവചനം

കൊച്ചി: അടുത്ത വര്‍ഷം സ്വര്‍ണം, ക്രൂഡോയില്‍ എന്നിവയുടെ വില പുതിയ ഉയരങ്ങളിലെത്തുമെന്ന് പ്രമുഖ ആഗോള ധനകാര്യ ഏജന്‍സിയായ ഗോള്‍ഡ്മാന്‍ സാക്ക്‌സ് പ്രവചിക്കുന്നു. നാണയപ്പെരുപ്പവും ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങളും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം വര്‍ദ്ധിപ്പിക്കും. അടുത്ത വര്‍ഷം ഡിസംബറോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന്(28.35 ഗ്രാം) 3,150 ഡോളറാകുമെന്നാണ് പ്രവചനം. നിലവില്‍ 2,651.80 ഡോളറാണ് ഔണ്‍സിന്റെ വില. വിവിധ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണ നിക്ഷേപം ഉയര്‍ത്തുന്നതും അമേരിക്കയിലെ ധന കമ്മി അപകടകരമായി കൂടുമെന്ന ആശങ്കകളും അനുകൂല ഘടകമാണ്. അടുത്ത വര്‍ഷം ഡിസംബറില്‍ ക്രൂഡോയില്‍ വില ബാരലിന് നൂറ് ഡോളര്‍ കടക്കുമെന്നും ഗോള്‍ഡ്മാന്‍ സാക്ക്‌സ് പറയുന്നു.

പവന്‍ വില ഉയര്‍ന്നു

ആഗോള വിപണിയിലെ അനുകൂല ചലനങ്ങളുടെ കരുത്തില്‍ കേരളത്തില്‍ സ്വര്‍ണ വില പവന് 200 രൂപ വര്‍ദ്ധിച്ച് 56,840 രൂപയിലെത്തി. മൂന്ന് ദിവസത്തെ കനത്ത ഇടിവിന് ശേഷമാണ് വില ഉയര്‍ന്നത്. ഗ്രാമിന്റെ വില 25 രൂപ ഉയര്‍ന്നു.