
മാന്നാര്‍ : സ്വര്‍ഗത്തിലെ കനി (ഹെവന്‍ ഫ്രൂട്ട്) എന്ന വിശേഷണമുള്ള ഗാഗ് ഫ്രൂട്ട് മാന്നാറിലും വിളഞ്ഞു. മാന്നാര്‍ കുട്ടംപേരൂര്‍ പന്ത്രണ്ടാം വാര്‍ഡില്‍ വാണില്ലത്തില്‍ ഹരിദാസിന്റെ വീടിന്റെ മട്ടുപ്പാവിലാണ് ആരുടെയും മനം മയക്കുംവിധം ഗാഗ് ഫ്രൂട്ട് പാകമായി നില്‍ക്കുന്നത്. നാഗലാന്‍ഡ് വാട്ടര്‍ അതോറിട്ടിയില്‍ നിന്ന് ജൂനിയര്‍ എന്‍ജിനിയറായി വിരമിച്ച ഹരിദാസ് ചെങ്ങന്നൂര്‍ സ്വദേശിയില്‍ നിന്നും അറുന്നൂറ് രൂപക്ക് ഒരു ഗാഗ് ഫ്രൂട്ട് വാങ്ങിയശേഷം അതിന്റെ വിത്തുകള്‍ മുളപ്പിച്ച് പരിചരിക്കുകയായിരുന്നു.
പഴം മുറിച്ചാല്‍ കടുംചുവപ്പ് നിറത്തിലാണ് അകത്തെ ചുളകള്‍ കാണുക. പാകമാകുന്നതുവരെ നാലു നിറങ്ങളില്‍ ഗാഗ് ഫ്രൂട്ടിനെ കാണാന്‍ പറ്റും. പച്ചയില്‍ തുടങ്ങി ചുവപ്പിലെത്തുമ്പോഴാണ് പവിളവെടുക്കാന്‍ പാകമാകുന്നത്. ഒരു ചെടിയില്‍നിന്ന് വര്‍ഷങ്ങളോളം കായ്ഫലം ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. ഒരേസമയം പച്ചക്കറിയായും പഴമായും ഇത് ഉപയോഗിക്കുന്നു. പഴം ജ്യൂസായും ഇല തോരന്‍ വെച്ചും ഉപയോഗിക്കാം. ജ്യൂസ്, അച്ചാര്‍, സോസ് തുടങ്ങി മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളും ഉണ്ടാക്കാന്‍ സാധിക്കും. മാന്നാര്‍ കൃഷി ഓഫീസര്‍ പി.സി.ഹരികുമാര്‍ വീട്ടിലെത്തി ഹരിദാസിന്നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കിയിരുന്നു. ഭാര്യ ഗീതാ ഹരിദാസും കൃഷിക്ക് പിന്തുണ നല്‍കി ഒപ്പമുണ്ട്. അഹമ്മദാബാദില്‍ ജോലി ചെയ്യുന്ന സുധിന്‍ ഹരികൃഷ്ണയും അബുദാബിയിലുള്ള നിധിന്‍ ഹരികൃഷ്ണയുമാണ് മക്കള്‍. മരുമക്കള്‍ : ഡോ.സ്വാതി കൃഷ്ണ, നീതുചന്ദ്രന്‍.
ഉപയോഗിച്ചത് ജൈവവളം
പത്ത് തൈകള്‍ വച്ചതില്‍ ഒരെണ്ണം മാത്രമായിരുന്നു പെണ്‍വര്‍ഗത്തിലുള്ളത്. കുമ്മായംവിതറിയ കുഴിയില്‍ നട്ടുപിടിപ്പിച്ച് വീടിന്റെ മട്ടുപ്പാവിലേക്ക് പടര്‍ത്തി. ദിവസവും രാവിലെയും വൈകുന്നേരവും നനയ്ക്കും. ജൈവവളം മാത്രം ഉപയോഗിച്ചു. ഇല മുതല്‍ വിത്തു വരെ ഗുണങ്ങള്‍ നിറഞ്ഞ ഗാഗ് ഫ്രൂട്ടിന് പാവലിനോട് സാമ്യമുള്ളതിനാല്‍ മധുരപ്പാവല്‍ എന്നപേരും മലയാളികള്‍ ചാര്‍ത്തിയിട്ടുണ്ട്. ശാസ്ത്രീയനാമം മോര്‍മോഡിക്ക കൊച്ചിന്‍ ചയ്നേന്‍സിസ് (Momordica Cochinchinensis) എന്നാണ്.
ഒന്നിന് വില ആയിരത്തിന് മുകളില്‍
1000 മുതല്‍ 1500 രൂപവരെയാണ് വിപണിയില്‍ ഗാഗ് ഫ്രൂട്ടിന്റെ വില. പഴത്തിന് ഒരു കിലോക്ക് മുകളില്‍ ഭാരം ഉണ്ടാവുമെങ്കിലും ഹരിദാസിന്റെ മട്ടുപ്പാവില്‍ പാകമെത്തിയതിന് ഏകദേശം 600 - 700 ഗ്രാം മാത്രമാണ് തൂക്കം വലിയ ഒരു പഴത്തില്‍നിന്ന് 10 മുതല്‍ 20 വരെ വിത്തുകള്‍ ലഭിക്കും. നേരിയ ചവര്‍പ്പ് രുചിയുണ്ടെങ്കിലും വിറ്റാമിന്‍ സി, മൂലകങ്ങള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായ ഗാഗ് പഴത്തിന്റെ രുചിയും വേറിട്ടതാണ്.