
നേരിയ നെഞ്ചുവേദന പോലുള്ള ചെറിയ ലക്ഷണങ്ങൾ അവഗണിക്കരുതെന്നും അത് ഒരു പക്ഷെ ഹൃദയാഘാതത്തിന്റെ സൂചനയാകാമെന്നും കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലെ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ജീൻ ചക്കാലയ്ക്കൽ പോൾ. അമിത രക്തസമ്മർദ്ദം, പ്രമേഹം, പാരമ്പര്യമായി ഹൃദ്രോഗമുള്ളവർ, പുകവലി ശീലവും പുകയില ഉല്പന്നങ്ങളും ഉപയോഗിക്കുന്നവർ, 50 വയസിന് മുകളിലുള്ളവർ എന്നിവർ ഹൃദയത്തിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം.
നെഞ്ചിന്റെ മദ്ധ്യഭാഗത്ത് ഭാരമിരിക്കുന്നത് പോലെയുള്ള ബുദ്ധിമുട്ട്. അതൊടൊപ്പം ഇടത് കൈയിൽ വേദന, കീഴ്ത്താടി വേദന, കാരണമില്ലാത്ത വിയർപ്പ് എന്നിവ കാണുകയാണെങ്കിൽ എത്രയും വേഗം ഹൃദ്രോഗ വിദഗ്ദ്ധനെ സമീപിക്കണം. വായു കയറിയതാകാമെന്ന് കരുതി നിസാരമായി തള്ളരുത്. ഒരു കാരണവശാലും തൊട്ടടുത്ത ദിവസം ഒ.പിയിൽ പോയി ചികിത്സ തേടാമെന്ന് വിചാരിക്കരുത്.
രാത്രിയായാലും അപ്പോൾ തന്നെ ആശുപത്രിയിലേക്ക് പോകണം. പല നെഞ്ചുവേദനകളും ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം. ഹൃദയാഘാത ലക്ഷണങ്ങളുമായി എത്തുന്നവർക്ക് ആദ്യം ഇ.സി.ജി എക്കോ, ട്രോപ്പോണിൻ പരിശോധന നടത്തും. ഇവയുടെ ഫലങ്ങൾക്കൊപ്പം രക്തപരിശോധനയുടെയും അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ ആൻജിയോഗ്രാം നിർദ്ദേശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.