arrest

കൊടകര: മറ്റത്തൂർ കുന്ന്, ആറ്റപ്പിള്ളി, മൂലംകുടം പരിസരത്ത് ഇരുട്ടിൽ ജോലി കഴിഞ്ഞ് വാഹനങ്ങളിലും മറ്റും സഞ്ചരിക്കുന്ന സ്ത്രീകളുടെ പിറകിലൂടെ ബൈക്കിലെത്തി സ്വകാര്യ ഭാഗങ്ങളിൽ കടന്നുപിടിച്ച് മുങ്ങുന്നയാളെ കൊടകര പൊലീസ് പിടികൂടി. പാപ്പാളി പാടത്ത് താമസിക്കുന്ന മറ്റത്തൂർകുന്ന് പത്തമടക്കാരൻ ഷനാസിനെയാണ് (31) പിടികൂടിയത്. മറ്റത്തൂർകുന്ന് സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.

ഇരുട്ടുവീണ് ആളറിയാതാവുന്ന സമയത്താണ് ഷനാസ് ലീലാവിലാസത്തിനായി റോഡിലേക്കിറങ്ങുന്നത്. വിവിധ ആവശ്യങ്ങൾക്ക് പാേയശേഷം വീട്ടിലേക്ക് നടന്നും ഇരുചക്രവാഹനങ്ങളിലും മടങ്ങുന്ന സ്ത്രീകളും പെൺകുട്ടികളുമാണ് ഇയാളുടെ ഇരകൾ. ഇവരുടെ പിറികിലൂടെയെത്തി ഞൊടിയിടയ്ക്കുള്ളിൽ കടന്നുപിടിച്ചശേഷം ഒട്ടും പേടിയില്ലാതെ വളരെ ലാഘവത്തോടെ സഞ്ചരിക്കുന്നതായിരുന്നു ഇയാളുടെ രീതി. വെളിച്ചം കുറവുളള സ്ഥലമാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. പെട്ടെന്നുള്ള കടന്നാക്രമണത്തിൽ സ്ത്രീകൾ ഭയപ്പെട്ട് സ്‌കൂട്ടറിൽ നിന്നും മറിഞ്ഞു വീഴുക പതിവായിരുന്നു.

ഒന്നരവർഷത്തിലേറെയായി ഇയാളുടെ ശല്യം തുടങ്ങിയിട്ട്. പുറത്തുപറയാൻ മടിയുള്ളതിനാലാണ് ആക്രമണത്തിനിരയായവർ പരാതി നൽകാത്തത്. അന്വേഷണം തുടങ്ങിയപ്പോൾ പല സ്ത്രീകളും കാര്യങ്ങൾ വെളിപ്പെടുത്തുകയും വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. മഫ്തിയിൽ പൊലീസും നാട്ടുകാരും പലയിടങ്ങളിലായി ഒളിഞ്ഞിരുന്നു മറ്റും നിരീക്ഷണം നടത്തി. ഇതിനൊടുവിലാണ് പിടികൂടിയത്.

ഡിവൈ.എസ്.പി കെ.സുമേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സി.ഐ പി .കെ ദാസ്, എസ്.ഐ വി.പി.അരിസ്‌റ്റോട്ടിൽ, എസ്.ഐ ഇ.എ.സുരേഷ്, എ.എസ്.ഐമാരായ സജു പൗലോസ്, ആഷ്‌ലിൻ ജോൺ, ലിജോൺ, സി.പി.ഒ ശ്രീജിത്ത് എന്നിവരുണ്ടായിരുന്നു. ഷനാസിന് സമാന വിഷയത്തിൽ ചേർത്തല പൊലീസ് സ്‌റ്റേഷനിൽ കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ ഷനാസിനെ റിമാൻഡ് ചെയ്തു.