-srishti-tuli-

മുംബയ്: എയർ ഇന്ത്യ പൈലറ്റിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇരുപത്തിയഞ്ചുകാരിയായ സൃഷ്ടി തുലിയെയാണ് മുംബയിലെ ഫ്ളാറ്റിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ കാമുകൻ ആദിത്യ പണ്ഡിറ്റിനെ (27) ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

സൃഷ്ടിയെ ഇയാൾ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കാണിച്ച് കുടുംബം പരാതി നൽകിയിരുന്നു. ഭക്ഷണ ശൈലി മാറ്റണമെന്നും നോൺ വെജ് കഴിക്കുന്നത് നിർത്തണമെന്നും ഇയാൾ യുവതിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.

സൃഷ്ടിയുടെ അമ്മാവൻ വിവേക് കുമാർ നരേന്ദ്രകുമാർ തുലിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊവായ് പൊലീസ് ആണ് കേസെടുത്തത്. സൃഷ്‌ടിയോട് ഇയാൾ നിരവധി തവണ പരസ്യമായി അപമാനിച്ചിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു.

കഴിഞ്ഞ വർഷം നവംബറിൽ ആദിത്യ തന്റെ മകൾ റാഷിയെയും സൃഷ്ടിയെയും ഡൽഹിയിൽ ഷോപ്പിംഗിന് കൊണ്ടുപോകാൻ തന്റെ കാർ ഉപയോഗിച്ചിരുന്നുവെന്ന് അമ്മാവൻ പറയുന്നു. ഇതിനിടയിൽ ആദിത്യയും സൃഷ്ടിയും തമ്മിൽ വഴക്കുണ്ടായി. റാഷിയുടെ മുന്നിൽ വച്ച് സൃഷ്ടിയെ ആദിത്യ ചീത്ത പറയുകയും, ദേഷ്യത്തിൽ കാർ മറ്റൊരു വാഹനത്തിലിടിക്കുകയും ചെയ്‌തെന്ന് പരാതിയിൽ പറയുന്നു.

കഴിഞ്ഞ മാർച്ചിൽ സൃഷ്ടിയും റാഷിയും ആദിത്യയും അവരുടെ സുഹൃത്തുക്കളും ഗുരുഗ്രാമിൽ അത്താഴത്തിന് ഒത്തുകൂടി. സൃഷ്ടിയും മറ്റുള്ളവരും മാംസാഹാരം കഴിക്കണമെന്ന് നിർദേശിച്ചു. ഇതിനിടയിൽ ആദിത്യ സൃഷ്ടിയെ അപമാനിച്ചുവെന്നാണ് റിപ്പോർട്ട്. ഇരുവരും തമ്മിൽ വഴക്കായി. ഒടുവിൽ അവർ രണ്ടുപേരും സസ്യാഹാരം കഴിക്കാൻ പോയി. എന്നാൽ ആദിത്യ തന്നെ റോഡിൽ ഉപേക്ഷിച്ച് വീട്ടിലേക്ക് പോയി എന്ന് പറഞ്ഞുകൊണ്ട് സൃഷ്ടി റാഷിയെ വിളിച്ചുവെന്നും പരാതിയിൽ പറയുന്നു.