
ദക്ഷിണ കൊറിയയിലെ ചില കോളേജുകളിൽ അടുത്തിടെ വിദ്യാർത്ഥികൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ലോകമൊട്ടാകെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തരത്തിലാണ് പ്രതിഷേധം വിദ്യാർത്ഥികൾ സംഘടിപ്പിച്ചത്. എന്തിനാണ് പ്രതിഷേധമെന്നും എവിടെയാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും പരിശോധിക്കാം. ദക്ഷിണ കൊറിയയിലെ സിയോളിലുളള ഡോംഗ്ഡുക്ക് വനിത സർവകലാശാലയിൽ ഈ മാസം 11നായിരുന്നു വിദ്യാർത്ഥികൾ കടുത്ത പ്രതിഷേധം സംഘടിപ്പിച്ചത്.
സർവകലാശാലയിലെ വിവിധ വകുപ്പുകളിൽ പുരുഷവിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്ന ഭരണകൂടത്തിന്റെ നീക്കത്തിനെതിരെയാണ് വിദ്യാർത്ഥികൾ പ്രതിഷേധം സംഘടിപ്പിച്ചത്. രാജ്യത്ത് ലിംഗസമത്വം, സാമൂഹിക പ്രതീക്ഷകൾ, ജനസംഖ്യയിലെ വെല്ലുവിളികൾ തുടങ്ങിയ പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം വിവാദത്തിൽ എത്തിപ്പെട്ടിരിക്കുന്നത്.
പ്രതിഷേധത്തിന് പിന്നിലെ കാരണം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യസമയങ്ങളിലാണ് ദക്ഷിണ കൊറിയയിൽ ഡോംഗ്ഡുക്ക് സർവകലാശാല സ്ഥാപിച്ചത്. പുരുഷമേധാവിത്വ സമൂഹത്തിൽ സ്ത്രീകളുടെ ശാക്തീകരണം പൂർണമായും ലക്ഷ്യം വച്ചാണ് വിദ്യാഭ്യാസ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഡോംഗ്ഡുക്ക് സ്വർഗതുല്യമാണ്. യാതൊരു തരത്തിലുളള വിവേചനവും ഇവിടെയില്ല. അത്തരം സാഹചര്യത്തിലാണ് സർവകലാശാല പ്രവർത്തിച്ചിരുന്നത്.

ഇതിനിടയിലാണ് 2040 ലക്ഷ്യം വച്ച് സർവകലാശാല അധികൃതർ കുറച്ച് വകുപ്പുകൾ കൂടി ആരംഭിക്കണമെന്ന തീരുമാനത്തിലെത്തിയത്. പുരുഷ വിദ്യാർത്ഥികൾക്കായി ഡിസൈൻ,പെർഫോമിംഗ് ആർട്സ് തുടങ്ങിയ വകുപ്പ് കൂടി ഉൾപ്പെടുത്താനാണ് ആലോചിച്ചിരിക്കുന്നത്. ഇത് സ്ഥാപനത്തിന്റെ ചെറിയ ഒരു ആശയമാണെന്ന് അധികൃതർ അറിയിച്ചെങ്കിലും ഇതോടെ വലിയ തരത്തിലുളള പ്രതിഷേധമാണ് ഉണ്ടായത്. അതേസമയം, സർവകലാശാലയുടെ പുതിയ തീരുമാനം വിദ്യാർത്ഥികളുടെ അറിവോ സമ്മതമോ കൂടാതെ ഉണ്ടായതാണെന്നും ഇതിൽ ശബ്ദമുയർത്താതെ മറ്റൊരു വഴിയുമില്ലെന്ന് ഒരു വിദ്യാർത്ഥി പ്രതിനിധി വ്യക്തമാക്കി.
ഇതോടെ വേറിട്ട സമരരീതികളാണ് വിദ്യാർത്ഥികൾ തിരഞ്ഞെടുത്തത്. നൂറ് കണക്കിന് ജാക്കറ്റുകൾ സർവകലാശാലയുടെ പ്രധാന ഗ്രൗണ്ടിൽ വിരിച്ചിട്ട് പ്രതിഷേധിക്കുന്നവരുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ഇതിനകം തന്നെ ശ്രദ്ധേയമായി. വിദ്യാർത്ഥികൾ കോളേജിലെ പ്രധാന കെട്ടിടത്തിന്റെ പ്രവർത്തനം തടസപ്പെടുത്തുകയും ക്ലാസുകൾ ഓൺലൈനിൽ നടത്താൻ നിർബന്ധിക്കുകയും നടത്താനിരുന്ന തൊഴിൽ മേള റദ്ദാക്കിപ്പിക്കുകയും ചെയ്തു.
പരാതി
പുരുഷവിദ്യാർത്ഥികളുടെ പ്രവേശനം അനുവദിക്കുന്നതിലൂടെ കോളേജിന്റെ ലക്ഷ്യം നശിക്കുകയും സുരക്ഷ തകരാറിലാകുകയും ചെയ്യുമെന്ന് വിദ്യാർത്ഥികൾ വാദിക്കുന്നു. ഈ സ്ഥാപനം ശരിക്കും ഒരു സ്വർഗമല്ല,എന്നാലും ക്യാമ്പസിനകത്ത് ഞങ്ങൾക്ക് സ്വാതന്ത്ര്യം അനുഭവിക്കാം,സ്ത്രീകൾക്ക് അവരുടെ അഭിപ്രായങ്ങൾ ഭയമില്ലാതെ പങ്കുവയ്ക്കാൻ സാധിക്കും. അതിനാൽത്തന്നെ അധികൃതരുടെ പുതിയ നീക്കത്തെ ഞങ്ങൾ ശക്തമായി തടയുമെന്ന് പ്രതിഷേധ കമ്മിറ്റിയുടെ പ്രതിനിധി അറിയിച്ചു. 2018ൽ ഒരാൾ ക്ലാസ് മുറിയ്ക്കുള്ളിൽ വച്ചെടുത്ത മോശം ചിത്രം പുറത്തുവന്ന സംഭവം ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം. സ്ത്രീകളുടെ അനുവാദം കൂടാതെ ചിത്രങ്ങൾ എടുക്കുന്നതും അവർക്കെതിരെയുളള ആക്രമണം, സുരക്ഷ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ശക്തമാകുന്നത്.

ലിംഗ സമത്വത്തിൽ 146 രാജ്യങ്ങളിൽ ദക്ഷിണ കൊറിയയുടെ സ്ഥാനം 94-ാമതാണ്. അധികാരത്തിലും സ്ത്രീകൾക്ക് 20 ശതമാനം പ്രാതിനിധ്യം മാത്രമാണ് ലഭിക്കുന്നത്. കൂടാതെ വൻകിട കമ്പനികളിൽ ഉയർന്ന റാങ്കിലുളള സ്ത്രീകളുടെ പ്രാതിനിധ്യം 7.3 ശതമാനമാണ്. ഈ സാഹചര്യത്തിൽ വനിത സർവകലാശാലകളെ പോലുളള സ്ഥലങ്ങളാണ് പെൺകുട്ടികളുടെ കഴിവ് പ്രോത്സാഹിപ്പിക്കുകയുളളൂവെന്ന നിലപാടാണ് പ്രതിഷേധക്കാർക്ക്.
പുതിയ നീക്കത്തിന് പിന്നിൽ
ദക്ഷിണ കൊറിയയുടെ ജനസംഖ്യയിലുണ്ടാകുന്ന കുറവാണ് പുതിയ നീക്കത്തിന് പിന്നിലെന്ന് വ്യക്തമാണ്. ലോകനിലവാരത്തിൽ എറ്റവും കുറവ് ജനസംഖ്യയുളള രാജ്യങ്ങളിലൊന്നാണ് ദക്ഷിണ കൊറിയ. കഴിഞ്ഞ വർഷത്തിൽ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് പ്രവേശനം നേടുന്നവരുടെ എണ്ണത്തിലും 18 ശതമാനം ഇടിവുണ്ടാക്കി. ഇത് വനിതാ സർവകലാശാലകളുടെ പ്രവർത്തനത്തെയും ബാധിക്കും. പുരുഷ വിദ്യാർത്ഥികളെ കോളേജിൽ പ്രവേശിപ്പിക്കുന്നതിലൂടെ സ്ഥാപനങ്ങൾക്ക് അതിജീവിക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ നിലപാട്.
അതേസമയം, വിദ്യാർത്ഥികളുടെ പ്രതിഷേധം രാഷ്ട്രീയ ആയുധമാക്കാനും പലരും ശ്രമിക്കുന്നുണ്ട്. ചിലർ പാർട്ടികൾ വിദ്യാർത്ഥികളെ അനുകൂലിക്കുമ്പോൾ മറ്റുളളവർ രൂക്ഷമായി വിമർശിക്കുന്നുണ്ട്. ഹാൻ ഡോൺ ഹൂംഗിനെ പോലുളള നേതാക്കൾ വിദ്യാർത്ഥികളുടെ പ്രതിഷേധം അപരിഷ്‌കൃതമാണെന്നും പൊതുമുതൽ നശിപ്പിക്കുകയാണെന്നും ആരോപിക്കുന്നുണ്ട്. അതുപോലെ പ്രതിപക്ഷവും രംഗത്തെത്തുന്നു. സോഷ്യൽ മീഡിയയിലും നിരവധി സ്ത്രീവിരുദ്ധ പ്രതികരണങ്ങൾ പ്രത്യക്ഷപ്പെട്ടു. പ്രതിഷേധക്കാർക്കെതിരെ ചിലർ ഓൺലൈനിൽ സംഘടിക്കുകയും യുവതികളുടെ സ്വകാര്യവിവരങ്ങൾ പരസ്യപ്പെടുത്തുമെന്ന ഭീഷണി മുഴക്കുകയും ചെയ്തു. നിരന്തരമായ പീഡനങ്ങൾ അനുഭവപ്പെട്ടതോടെ ഒരു വനിത യൂട്യബർ അക്കൗണ്ടുകൾ അവസാനിപ്പിച്ചതും വാർത്തയായി.
നിലവിൽ
പ്രശ്നങ്ങൾ രൂക്ഷമായതോടെ കോളേജ് അധികൃതർ താൽക്കാലികമായി പദ്ധതി ഉപേക്ഷിച്ചു.1973 വിദ്യാർത്ഥികൾ പങ്കെടുത്ത യോഗത്തിൽ 1971ൽ അധികം പേരും പുതിയ തീരുമാനത്തെ എതിർക്കുകയാണ് ചെയ്തത്. ഈ പ്രതിഷേധം പല സർവകലാശാലകൾക്കും പ്രചോദനമായിട്ടുണ്ട്. സംഗ്‌ഷൈൻ വനിത സർവകലാശാലയിലേക്ക് അന്താരാഷ്ട്ര പുരുഷ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്ന നീക്കത്തെ പ്രതിരോധിക്കാനും പ്രതിഷേധം സഹായം ചെയ്തു.