
സിംഗിൾ ആണോ നിങ്ങൾ? 2025ൽ എങ്കിലും ഒരു പങ്കാളിയെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. സോഷ്യൽ മീഡിയയിൽ വെെറലായികൊണ്ടിരിക്കുന്ന ഒരു മുന്തിരി ട്രെൻഡിനെ കുറിച്ച് പറയാം. പുതുവത്സര ദിനത്തിൽ നടത്തുന്ന ഈ ആചാരം നിങ്ങൾക്ക് അടുത്ത വർഷം നല്ല ഒരു പങ്കാളിയെ നൽകുമെന്നാണ് പറയപ്പെടുന്നത്. 'ലാസ് ഡോസ് ഉവാസ് ഡി ലാ സുർട്ടെ' (പന്ത്രണ്ട് ഭാഗ്യ മുന്തിരി) എന്നാണ് ഇതിനെ അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ ട്രെൻഡ് എന്താണെന്ന് നോക്കാം.
പന്ത്രണ്ട് ഭാഗ്യ മുന്തിരി
ഇൻസ്റ്റഗ്രാമിലും ടിക്ടോകിലുമെല്ലാം ചർച്ചയാണ് ഇപ്പോൾ ഈ മുന്തിരി കഥ. ന്യൂ ഇയർ തലേന്ന് (ഡിസംബ 31) ആർദ്ധരാത്രി മേശയുടെ അടിയിലിരുന്നു 12 മുന്തിരി കഴിക്കുന്നവർക്ക് വരുന്ന പുതിയ വർഷം സൗഭാഗ്യവും ഐശ്വര്യവും നല്ല പങ്കാളിയെയും കിട്ടുമെന്നാണ് പറയുന്നത്.
ഇത്തരത്തിൽ നിരവധി ആചാരങ്ങൾ ലോകത്തെ പല ഭാഗത്തും ന്യൂ ഇയർ ദിനങ്ങളിൽ നടത്താറുണ്ട്. സ്‌പെയിനിലെ ഒരു ആചാരമാണ് ഈ പന്ത്രണ്ട് ഭാഗ്യ മുന്തിരി. അവിടത്തെ ജനങ്ങൾ ഇത് പിന്തുടരാറുണ്ട്. ലാറ്റിനമേരിക്കയുടെ ചില ഭാഗങ്ങളിലും ഈ ആചാരം പിന്തുടരുന്നു. സോഷ്യൽ മീഡിയയുടെ വളർച്ചയ്ക്ക് പിന്നാലെ ഈ ആചാരം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിച്ചു.

ഉത്ഭവം
ഈ ആചാരം എങ്ങനെയാണ് വന്നത്? ഏത് വർഷം മുതലാണ് ഇത് പിന്തുടർന്ന് തുടങ്ങിയത് എന്നിവയ്ക്ക് ഇപ്പോഴും ശരിയായ ഉത്തരം ലഭിച്ചിട്ടില്ല. 1900കളുടെ തുടക്കത്തിൽ സ്പാനിഷ് നഗരമായ അലികാന്റെയിൽ നിന്നാണ് ഈ ആചാരം വന്നതെന്ന് ചില സിദ്ധാന്തങ്ങൾ സൂചിപ്പിക്കുന്നു.
മുന്തിരി കർഷകർ തങ്ങളുടെ മിച്ചമുള്ള മുന്തിരി വിൽക്കാൻ പറഞ്ഞുപരത്തിയ ഒരു കഥ മാത്രമാണെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. പുതുവർഷ രാവിൽ മുന്തിരി കഴിക്കുന്ന ഫ്രഞ്ച് പാരമ്പര്യത്തിൽ നിന്നാണ് ഇത് വന്നതെന്നും മറ്റുചിലർ അവകാശപ്പെടുന്നു. ന്യൂ ഇയറിന് അർദ്ധരാത്രി 12 മണിക്ക് തന്നെ 12 മുന്തിരിയും കഴിക്കണം.

പച്ച മുന്തിരിയാണ് കൂടുതലായി ഇതിന് തിരഞ്ഞെടുക്കുന്നത്. കുരുവില്ലാത്ത മുന്തിരി ആണെങ്കിൽ വേഗത്തിൽ കഴിക്കാൻ കഴിയും. 12.1 ആകുന്നതിന് മുൻപ് 12 മുന്തിരി കഴിക്കാൻ പറ്റിയില്ലെങ്കിൽ അയാൾക്ക് ആ വർഷം ഭാഗ്യമില്ലാത്തതാകുമെന്നും കരുതുന്നു. മേശയുടെ അടിയിൽ ഇരിക്കുക മാത്രമല്ല. ഈ സമയത്ത് ഉള്ളിൽ ധരിക്കുന്ന വസ്ത്രം ചുവപ്പ് നിറവുമായിരിക്കണമെന്നും പറയപ്പെടുന്നു.
സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിൽ നിരവധി യുവാക്കൾ ഇതിനെ അനുകൂലിച്ച് പോസ്റ്റുകൾ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 12 മുന്തിരി കഴിച്ചുവെന്നും ഈ വർഷം നല്ല പങ്കാളിയെ ലഭിച്ചുവെന്നും പറഞ്ഞാണ് പലരും വീഡിയോ പങ്കുവയ്ക്കുന്നത്. പങ്കാളികളെയും വീഡിയോയിൽ കാണാം. ചിലർ സുഹൃത്തുക്കൾക്കൊപ്പമാണ് ഈ ട്രെൻഡ് ചെയ്തത്. ഈ വർഷവും ഈ ട്രെൻഡ് ചെയ്യാൻ നിരവധി പേരാണ് കാത്തിരിക്കുന്നത്.