
കൊച്ചി: ഇടപ്പള്ളിയിൽ ജിംനേഷ്യത്തിൽ മയക്കുമരുന്ന് വിൽപ്പന നടത്തിവന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് വെള്ളോറ സ്വദേശി നൗഷാദാണ് 33.610 ഗ്രാം എംഡിഎംഎയും, 23.246 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. ബാംഗ്ലൂർ, ഒഡീഷ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഇടനിലക്കാർ വഴി മയക്കുമരുന്ന് കടത്തി 'മണവാട്ടി, ശീലാവതി' എന്നീ പേരുകളിലാണ് വിൽപ്പന നടത്തി വന്നത്. നൗഷാദിന്റെ സഹായി മലപ്പുറം കോഡൂർ സ്വദേശി വിനോദിനായി എക്സൈസ് അന്വേഷണം ആരംഭിച്ചു.
എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എസ്.ജനീഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.ജെ.ജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സെയ്ത്.വി.എം, ഇഷാൽ അഹമ്മദ്, ധീരു.ജെ.അറക്കൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ റസീന എന്നിവരും സംഘത്തിലുണ്ടായിരുന്നു.
മറ്റൊരു കേസിൽ, ഒഡീഷയിൽ നിന്നും ട്രെയിനിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന യുവാവിനെ എക്‌സൈസ് പിടികൂടി. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി നൗഫൽ (25) ആണ് 10 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. എറണാകുളത്ത് ഊബർ ടാക്സി ഡ്രൈവർ ആണ് പ്രതി. ഒറ്റപ്പാലത്ത് ഇറങ്ങി ബസ് സ്റ്റാൻഡിലേക്ക് പോകും വഴിയാണ് എക്സൈസ് സംഘം പിടികൂടിയത്.