
തിരുവനന്തപുരം: ഗുണ്ടാസംഘത്തിന്റെ വിരുന്ന് സത്കാരം തടയാൻ ശ്രമിച്ച സി.ഐ അടക്കമുള്ള പൊലീസുകാരെ ആക്രമിച്ച കേസിൽ സ്ത്രീകളടക്കം കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകും.
ഗുണ്ട സ്റ്റമ്പർ അനീഷും 11 കൂട്ടാളികളും കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. അനീഷിന്റെ അമ്മയും സഹോദരിയും ഉൾപ്പെടെ മൂന്ന് സ്ത്രീകൾ സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോം വലിച്ചുകീറുകയും ആക്രമണം തുടങ്ങുകയും ചെയ്‌തത് ഇവരാണെന്ന് നെടുമങ്ങാട് എസ്.എച്ച്.ഒ രാജേഷ് കുമാർ പറഞ്ഞു. ഗുണ്ടകൾ ഒത്തുകൂടുന്നതിന് വിലക്കുണ്ടായിരുന്നതിനാൽ സത്കാരത്തിൽ പങ്കെടുക്കാനെത്തിയ മുഴുവൻ പേരും പ്രതികളാവും.
ഞായറാഴ്ച രാത്രിയാണ് അനീഷിന്റെ സഹോദരിയുടെ മകന്റെ പിറന്നാൾ ആഘോഷിക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് മുക്കോലയിലെ വാടകവീട്ടിൽ ഗുണ്ടകൾ ഒത്തുകൂടിയത്. സ്ഥലത്തെത്തിയ സി.ഐ രാജേഷ് കുമാർ,എസ്.ഐമാരായ സന്തോഷ്‌കുമാർ,ഓസ്റ്റിൻ ടെന്നിസൺ,സി.പി.ഒ അജിത് മോഹൻ എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഗുണ്ടകൾക്കുവേണ്ടിയുള്ള തെരച്ചിലിന്റെ ഭാഗമായി ഇന്നലെ ആനാട് നാഗച്ചേരി ഭാഗത്തുനിന്ന് വാളുമായി രണ്ട് ഗുണ്ടകളെക്കൂടി അറസ്റ്റുചെയ്‌തു. കല്ലടക്കുന്ന് സ്വദേശി എം.മിഥുൻ (34),ചന്ദ്രമംഗലം സ്വദേശി ആർ.അഭിനന്ദ് (26) എന്നിവരാണ് പിടിയിലായത്. വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് മിഥുൻ.