
സെൻസെക്സ് 1,190 പോയിന്റും നിഫ്‌റ്റി 360 പോയിന്റും തകർന്നു
കൊച്ചി: അമേരിക്കയിൽ പലിശ നിരക്ക് ഉടനടി കുറയില്ലെന്ന ആശങ്കയിൽ ഇന്ത്യൻ ഓഹരി വിപണി തകർന്നടിഞ്ഞു. ഒക്ടോബറിൽ അമേരിക്കയിലെ നാണയപ്പെരുപ്പം കുറഞ്ഞതും തൊഴിൽ മേഖലയിലെ ഉണർവും കണക്കിലെടുത്ത് ഫെഡറൽ റിസർവ് പലിശ കുറയ്ക്കാനുള്ള തീരുമാനം വൈകിപ്പിക്കുമെന്നാണ് വിലയിരുത്തൽ. ഐ.ടി, വാഹന മേഖലകളിലെ ഓഹരികളാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്. സെൻസെക്‌സ് 1,190.34 പോയിന്റ് ഇടിഞ്ഞ് 79,043.79ൽ വ്യാപാരം പൂർത്തിയാക്കി. നിഫ്‌റ്റി 360.75 പോയിന്റ് നഷ്‌ടവുമായി 23,914.15ൽ അവസാനിച്ചു. ഇൻഫോസിസ്, ടി.സി.എസ്, ടെക്ക് മഹീന്ദ്ര, എച്ച്.സി.എൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയാണ് പ്രധാനമായും നഷ്‌ടം നേരിട്ടത്.
കഴിഞ്ഞ ദിവസങ്ങളിൽ വിപണിയിൽ സജീവമായിരുന്ന വിദേശ നിക്ഷേപകർ ഇന്നലെ ലാഭമെടുപ്പിലേക്ക് നീങ്ങിയതും തിരിച്ചടിയായി. എന്നാൽ ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികൾ ശക്തമായി പിടിച്ചുനിന്നു.
കുതിച്ചുയർന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ്
കഴിഞ്ഞ ദിവസങ്ങളിൽ മൂക്കുകുത്തിയ കേന്ദ്ര പൊതുമേഖല കമ്പനിയായ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഓഹരി വില തുടർച്ചയായ നാലാം ദിവസവും അഞ്ച് ശതമാനം വർദ്ധനയോടെ അപ്പർസർക്യൂട്ടിലെത്തി. ഇന്നലെ കമ്പനിയുടെ ഓഹരി വില 75.2 രൂപ ഉയർന്ന് 1,579.25ൽ എത്തി. കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ വിപണി മൂല്യം 41,547 കോടി രൂപയായി.
അദാനി ഓഹരികൾ മുന്നേറ്റ പാതയിൽ
അദാനി ഗ്രൂപ്പിന് കീഴിലുള്ള പല കമ്പനികളും ഇന്നലെ നേട്ടമുണ്ടാക്കി. ഫ്ളാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസസ് ഓഹരി വില 1.6 ശതമാനം ഉയർന്നു. അദാനി ഗ്രീൻ, അദാനി എനർജി എന്നിവയുടെ ഓഹരി വില പത്ത് ശതമാനം ഉയർന്നു. അദാനി ടോട്ടൽ ഗ്യാസും മികച്ച നേട്ടമുണ്ടാക്കി.