
ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ റയൽ മാഡ്രിഡിനെ 2-0ത്തിന് തകർത്ത് ലിവർപൂൾ
ഗോളടിച്ചത് മക് അലിസ്റ്ററും കോഡി ഗാപ്കോയും
പെനാൽറ്റി പാഴാക്കി എംബാപ്പെയും സലായും
ലണ്ടൻ : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് മലർത്തിയടിച്ച് മുൻ ചാമ്പ്യന്മാരായ ഇംഗ്ളീഷ് ക്ളബ് ലിവർപൂൾ. പ്രാഥമിക റൗണ്ടിലെ സീസണിലെ അഞ്ചാം മത്സരത്തിനിറങ്ങിയ റയൽ മൂന്നാമത്തെ തോൽവിയാണ് ഏറ്റുവാങ്ങിയത് . ഇതോടെ ആകെയുള്ള 36 ടീമുകളിൽ റയൽ 24-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തുകയും ചെയ്തു.
ലിവർപൂളിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിൽ അലക്സിസ് മക് അലിസ്റ്ററും കോഡി ഗാപ്കോയും നേടിയ ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ ജയം. 52-ാം മിനിട്ടിലായിരുന്നു മക് അലിസ്റ്ററുടെ ഗോൾ. 59-ാം മിനിട്ടിൽ സമനില പിടിക്കാൻ റയലിന് കിട്ടിയ പെനാൽറ്റി സൂപ്പർ താരം കിലിയൻ എംബാപ്പെ പാഴാക്കി. 70-ാം മിനിട്ടിൽ ലിവർപൂളിന്റെ മുഹമ്മദ് സലായും പെനാൽറ്റി പാഴാക്കിയെങ്കിലും 76-ാം മിനിട്ടിൽ ഗാപ്കോയിലൂടെ അവർ രണ്ടാം ഗോൾ നേടി.
മത്സരത്തിൽ തീർത്തും നിരാശപ്പെടുത്തുന്ന രീതിയിലായിരുന്നു റയലിന്റെ പ്രകടനം.ആദ്യ പകുതിയിൽതന്നെ ലിവർപൂൾ സ്കോറിംഗ് തുടങ്ങേണ്ടതായിരുന്നെങ്കിലും ഗോളി തിബോ കുർട്ടോയുടെ മികച്ച സേവുകളിലൂടെ റയൽ ആശ്വാസം കൊണ്ടു.എന്നാൽ രണ്ടാം പകുതിയിൽ കുർട്ടോയ്ക്കും റയലിനെ രക്ഷിക്കാനായില്ല. മത്സരത്തിൽ റയൽ എട്ട് ഷോട്ടുകൾ ഉതിർത്തപ്പോൾ ലിവർപൂൾ താരങ്ങളിൽ നിന്ന് 17 ഷോട്ടുകളാണുണ്ടായത്. ഇതിൽ ഏഴെണ്ണവും ഗോൾ മുഖം ലക്ഷ്യം വച്ചുള്ളതായിരുന്നു. പെനാൽറ്റിയടക്കം റയലിന്റെ മൂന്ന് ഷോട്ടുകളാണ് ഗോൾ മുഖത്തേക്കുവന്നത്. ഒന്നുപോലും ഗോളായതുമില്ല.
ഗോളുകൾ ഇങ്ങനെ
1-0
52-ാം മിനിട്ട്
മക് അലിസ്റ്റർ
ബ്രാഡ്‌ലിയുമായി ചേർന്ന് നടത്തിയ മുന്നേറ്റത്തിനൊടുവിൽ ലഭിച്ച പന്താണ് ബോക്സിനുള്ളിൽ നിന്ന് മക് അലിസ്റ്റർ വലയുടെ മൂലയിലേക്ക് അടിച്ചുകയറ്റിയത്.
2-0
76-ാം മിനിട്ട്
കോഡി ഗാപ്കോ
68-ാം മിനിട്ടിൽ ഡാർവിൻ ന്യൂനസിന് പകരം കളത്തിലിറങ്ങിയ ഗാപ്കോയ്ക്ക് ഒരു ഷോർട്ട് കോർണറിൽ നിന്ന് റോബർട്സൺ ഉയർത്തി നൽകിയ പന്ത് ലൂക്കാ മൊഡ്രിച്ചിനെ ഉയർന്നുചാടി മറികടന്ന് ഹെഡറിലൂടെ വലയിലാക്കുകയായിരുന്നു.
പാഴായ പെനാൽറ്റികൾ
59-ാം മിനിട്ടിൽ വസ്ക്വേസിനെ റോബർട്ട്സൺ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി എംബാപ്പ തൊടുത്തത് ലിവർപൂൾ ഗോളി കെല്ലെഹെർ കൃത്യമായി ഡൈവ് ചെയ്ത് തട്ടിയകറ്റി.
70-ാം മിനിട്ടിൽ തന്നെ മെൻഡി തള്ളി വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മുഹമ്മദ് സലാ പോസ്റ്റിന് പുറത്തേക്ക് അടിച്ചുകളഞ്ഞു.
ലിവർപൂൾ ഒന്നാമത്
പ്രാഥമിക റൗണ്ടിൽ ഓരോ ടീമും അഞ്ച് മത്സരം പൂർത്തിയാക്കിയപ്പോൾ എല്ലാ കളികളും ജയിച്ച ലിവർപൂൾ 15 പോയിന്റുമായി ഒന്നാമതാണ്. 13 പോയിന്റുള്ള ഇന്റർ മിലാൻ രണ്ടാം സ്ഥാനത്തും 12 പോയിന്റുള്ള ബാഴ്സലോണ മൂന്നാം സ്ഥാനത്തുമാണ്.
റയലിന് ഇനി എന്ത് ?
ചാമ്പ്യൻസ് ലീഗിന്റെ പുതിയ ഫോർമാറ്റിൽ പ്രാഥമിക റൗണ്ടിൽ ഒരു ടീമിന് എട്ടു മത്സരങ്ങളാണ്. മൊത്തം 36 ടീമുകളിൽ ഏറ്റവും കൂടുതൽ പോയിന്റ് നിലയിൽ മുന്നിലെത്തുന്ന എട്ടു ടീമുകൾ നേരിട്ട് പ്രീ ക്വാർട്ടറിലേക്ക്. 9 മുതൽ 24വരെ സ്ഥാനങ്ങളിലെത്തുന്ന 16 ടീമുകൾ പ്രിലിമിനറി നോക്കൗട്ട് റൗണ്ടിൽ ഏറ്റുമുട്ടി അതിൽ ജയിക്കുന്ന എട്ടു ടീമുകളും പ്രീ ക്വാർട്ടറിലെത്തും. ഇപ്പോൾ 24-ാമതുള്ള റയലിന് ഇനിയുള്ള മൂന്നുകളികളും ജയിച്ചാലേ നേരിട്ട് പ്രീ ക്വാർട്ടറിലെത്താൻ സാദ്ധ്യതയുള്ളൂ.