d

റാഞ്ചി: ജാർഖണ്ഡിന്റെ 14-ാമത് മുഖ്യമന്ത്രിയായി ജെ.എം.എം നേതാവ് ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ സന്തോഷ് കുമാർ ഗാംഗ്വാർ സത്യവാചകം ചൊല്ലിക്കൊടുത്തു. റാഞ്ചിയിൽ നടന്ന ചടങ്ങിൽ ചടങ്ങിൽ സോറൻ മാത്രമേ സത്യപ്രതിജ്ഞ ചെയ്‌തുള്ളൂ. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാർ, മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു, അരവിന്ദ് കേ‌ജ്‌രിവാൾ, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ് മെഹബൂബ മുഫ്തി, തേജസ്വി യാദവ് തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.

49 കാരനായ സോറൻ നാലാം തവണയാണ് മുഖ്യമന്ത്രിയാകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ 39,791 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബി.ജെ.പിയുടെ ഗാംലിയേൽ ഹെംബ്രോമിനെ പരാജയപ്പെടുത്തി ബർഹൈത്ത് സീറ്റ് നിലനിറുത്തുകയായിരുന്നു.

ഭിന്നിപ്പിക്കാനാവില്ല

ജാർഖണ്ഡ് ജനതയെ ഭിന്നിപ്പിക്കാനോ നിശബ്ദരാക്കാനോ കഴിയില്ലെന്നും ഐക്യമാണ് ആയുധമെന്നും സോറൻ സത്യപ്രതിജ്ഞയ്ക്കു മുമ്പ് പ്രതികരിച്ചു.

'അവർ നമ്മെ പിന്നോട്ട് തള്ളുമ്പോഴെല്ലാം നമ്മൾ മുന്നോട്ട് പോകും. നിശബ്ദരാക്കാൻ ശ്രമിക്കുമ്പോഴെല്ലാം വിപ്ലവത്തിന്റെ ശബ്ദം ഉയർന്നുവരും. ഞങ്ങൾ ജാർഖണ്ഡികളാണ്. തലകുനിക്കുകയില്ല. ഞങ്ങളുടെ പോരാട്ടം ഉറച്ചതും നിലക്കാത്തതുമാണ്. ഇത് അവസാന ശ്വാസം വരെ തുടരും. ഈ ദിനം ചരിത്രപരമാണ്'- സോറൻ എക്സിൽ പോസ്റ്റ് ചെയ്തു.