trump

കൊച്ചി: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മെക്‌സികോ, കാനഡ, ചൈന എന്നിവയ്ക്കെതിരെ ആരംഭിക്കുന്ന നികുതി യുദ്ധത്തിൽ നിന്ന് നേട്ടമുണ്ടാക്കാൻ ഇന്ത്യ തന്ത്രങ്ങൾ മെനയുന്നു. കാനഡ, മെക്സികോ ഉത്പന്നങ്ങൾക്ക് 25 ശതമാനവും ചൈനീസ് ഉത്പന്നങ്ങൾക്ക് പത്ത് ശതമാനവും അധിക തീരുവ ഏർപ്പെടുത്തുന്ന എക്സിക്യുട്ടീവ് ഉത്തരവ് ജനുവരി 20ന് പുറത്തിറക്കുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യക്തിപരമായ സൗഹ്യദം പുലർത്തുന്ന ട്രംപ് ഇന്ത്യൻ ഉത്പന്നങ്ങൾക്കെതിരെ വലിയ നടപടികൾക്ക് ഒരുങ്ങില്ലെന്നാണ് വിലയിരുത്തുന്നത്.

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ അമേരിക്കൻ വിപണിയിൽ വിപുലമായ സാദ്ധ്യതകൾ ഇതോടെ തുറന്നുകിട്ടുമെന്നും കയറ്റുമതിക്കാർ പ്രതീക്ഷിക്കുന്നു.

തുണിത്തരങ്ങൾ, ഇലക്ട്രോണിക്‌സ്, മെഷീനറികൾ, ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതി ഗണ്യമായിവർദ്ധിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നികുതി വർദ്ധിക്കുന്നതോടെ ചൈന, മെക്‌സികോ, കാനഡ എന്നിവരുടെ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ മത്സരക്ഷമത കുറയുമെന്ന് ഫെഡറേഷൻ ഒഫ് ഇന്ത്യൻ എക്‌സ്പോർട്ടേഴ്‌സ് ഓർഗനൈസേഷൻ(എഫ്.ഐ.ഇ.ഒ) ഡയറക്‌ടർ ജനറൽ അജയ് സഹായ് പറഞ്ഞു.

ഇന്ത്യ-യു.എസ് വ്യാപാരം

നിലവിൽ അമേരിക്കയും ഇന്ത്യയുമായുള്ള പ്രതിവർഷ വ്യാപാരം 19,000 കോടി ഡോളറിലധികമാണ്. 2020 മുതൽ 2024 വരെ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി 46 ശതമാനം വർദ്ധനയോടെ 7,750 കോടി ഡോളറിലെത്തി. അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി ഇക്കാലയളവിൽ 17.9 ശതമാനം ഉയർന്ന് 4,220 കോടി ഡോളറായി.

ചൈന+1 നയത്തിൽ പ്രതീക്ഷ

ചൈനയ്‌ക്ക് ബദലായി ഏഷ്യയിൽ ഒരു നിർമ്മാണ കേന്ദ്രമെന്ന അമേരിക്കയുടെ നയതീരുമാനം ഇന്ത്യയ്ക്ക് ഏറെ ഗുണകരമാകും. ഇലക്ട്രോണിക്സ്, വാഹന, സെമികണ്ടക്‌ടർ മേഖലകളിൽ നേരിട്ടുള്ള വിദേശ നിക്ഷേപമെത്താൻ ഇതോടെ സാഹചര്യമൊരുങ്ങും. ട്രംപ് താരീഫ് യുദ്ധം പ്രഖ്യാപിച്ച രാജ്യങ്ങളുടെ ആദ്യ പട്ടികയിൽ ഇന്ത്യയില്ലാത്തത് ശുഭസൂചനയാണെന്ന് കയറ്റുമതിക്കാർ പറയുന്നു.

ട്രംപണോമിക്സ്

ഡൊണാൾഡ് ട്രംപിന്റെ സാമ്പത്തിക രംഗത്തെ അജണ്ടകളും നയങ്ങളും തത്വങ്ങളും ചേരുന്ന പദമാണ് ട്രംപണോമിക്‌സ്