
ഇംഫാൽ: മണിപ്പൂരിലെ ക്യാമ്പിൽനിന്ന് അക്രമികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കുടുംബത്തിലെ മൂന്ന് അംഗങ്ങളുടെ കൂടി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ത്ത് മാസം പ്രായമുള്ള കുഞ്ഞിന്റെയും സ്ത്രീയുടെയും മൃതദേഹത്തിൽ കണ്ണുകളില്ല. കുഞ്ഞിന് വെട്ടേറ്റിട്ടുണ്ട്. തല വേർപെട്ട നിലയിലാണ്. 17ന് മോർച്ചറിയിൽ എത്തിച്ചപ്പോൾ കുഞ്ഞിന്റെ മൃതദേഹം അഴുകിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ടെലൻ തജൻഗൻബി എന്ന എട്ടുവയസ്സുകാരിക്ക് നിരവധി വെടിയുണ്ടകൾ ഏറ്റിട്ടുണ്ട്. 31കാരിയായ ടെലിം തോയ്ബിയുടെ തല വെടിയുണ്ടകളേറ്റ് തകർന്നിരുന്നു. ഈ കുടുംബത്തിലെ മറ്റ് മൂന്ന് അംഗങ്ങളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്ന് ദിവസങ്ങൾക്ക് ശേഷമാണ് ക്രൂരത വ്യക്തമാക്കുന്ന വിധം മറ്റുള്ളവരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും വരുന്നത്.
മണിപ്പൂരിലെ ജിരിബാം ജില്ലയിൽ നിന്ന് തെക്കൻ അസാമിലെ കച്ചാറിലേക്ക് ഒഴുകുന്ന ബരാക് നദിയിൽ നിന്ന് കഴിഞ്ഞ 16നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത നിലയിലായിരുന്നു. 22ന് കനത്ത സുരക്ഷയോടെ ആറുപേരുടെയും സംസ്‌കാരം നടത്തി.
സുരക്ഷാ സേനയും കുക്കി വിഭാഗത്തിലെ 11 പേരും തമ്മിലുള്ള വെടിവയ്പ്പിനു ശേഷമായിരുന്നു മെയ്‌തി വിഭാഗത്തിലെ ആറ് പേരെ 11ന് ജിരിബാമിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് കാണാതായത്. കുക്കി തീവ്രവാദികളാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോർട്ട്.
അതിനിടെ 13 ദിവസം നീണ്ട അവധിക്ക് ശേഷം ഇംഫാൽ താഴ്വരകളിലെയും, ജിരിബാം ജില്ലകളിലെയും സ്‌കൂളുകളും കോളജുകളും ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് സർക്കാർ അറിയിച്ചു.