
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം 2024 ഡിസംബറിൽ കമ്മിഷൻ ചെയ്യുന്നത് നിയമപരമാക്കുന്നതിനും 2028ഓടെ തുറമുഖത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട പ്രവർത്തികൾ പൂർത്തീകരിക്കുന്നതിനും ആവശ്യമായ സപ്ലിമെന്ററി കൺസഷൻ കരാറിൽ സംസ്ഥാന സർക്കാരും അദാനി വിഴിഞ്ഞം പോർട് പ്രൈവറ്റ് ലിമിറ്റഡും ഒപ്പു വച്ചു. ആർബിട്രേഷൻ നടപടികൾ പിൻവലിച്ചതിനെ തുടർന്നാണ് സപ്ലിമെന്ററി കരാർ ആവശ്യമായി വന്നത്. കരാർ പ്രകാരം 2045ൽ പൂർത്തീകരിക്കേണ്ട വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും ഘട്ട പ്രവർത്തികൾ ആണ് 2028ഓടെ പൂർത്തീകരിക്കുന്നത്. നേരത്തെയുള്ള കരാറിൽ നിന്ന് വ്യത്യസ്തമായി തുറമുഖത്തിന്റെ മുഴുവൻ ഘട്ടങ്ങളും ഇതോടെ പൂർത്തിയാകും. ഇതുവഴി 4 വർഷത്തിനകം 10,000 കോടി രൂപയുടെ പുതിയ നിക്ഷേപത്തിന് അദാനി പോർട്ട് വഴിയൊരുക്കും. പദ്ധതി പൂർത്തിയാകുന്നതോടെ തുറമുഖത്തിന്റെ കുറഞ്ഞ ശേഷി 30 ലക്ഷം ടി ഇ യു ആവും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.