
വേൾഡ് സെന്റോസ : സിംഗപ്പൂരിൽ നടക്കുന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ നാലാം റൗണ്ട് മത്സരത്തിൽ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ഡി.ഗുകേഷും ചൈനീസ് ഗ്രാൻഡ് മാസ്റ്റർ ഡിംഗ് ലിറെനും ഇന്ന് ഏറ്റുമുട്ടും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30നാണ് മത്സരം ആരംഭിക്കുന്നത്. ആദ്യ മൂന്ന് റൗണ്ടുകൾക്ക് ശേഷമുള്ള വിശ്രമദിനം കഴിഞ്ഞാണ് ഇരുവരും ബോർഡിന് മുന്നിലെത്തുന്നത്.
നിലവിലെ ലോക ചാമ്പ്യനായ ലിറെൻ ആദ്യ റൗണ്ടിൽ കറുത്ത കരുക്കളുമായി കളിച്ച് വിജയിച്ചിരുന്നു. രണ്ടാം റൗണ്ടിൽ ഗുകേഷ് സമനില പിടിച്ചു. മൂന്നാം റൗണ്ടിൽ വെള്ളക്കരുക്കളുമായി കളിച്ച ഗുകേഷ് 37-ാം നീക്കത്തിൽ ലിറെനെ സമയ സമ്മർദ്ദത്തിൽ കുരുക്കി തോൽപ്പിക്കുകയും ചെയ്തു. ഇപ്പോൾ ഇരുവർക്കും 1.5 പോയിന്റ് വീതമാണുള്ളത്. 14 റൗണ്ടുകൾ നീളുന്ന ചാമ്പ്യൻഷിപ്പിൽ ആദ്യം ഏഴരപ്പോയിന്റിലെത്തുന്നവരാണ് കിരീടം നേടുക. ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന
ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 18 കാരനായ ഗുകേഷ്.