vizhinjam

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റേയും കേരളത്തിന്റേയും വികസനം അടുത്ത ലെവലിലേക്ക് ഉയരും എന്നതാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് പറയാറുള്ളത്. കമ്മീഷനിംഗിന് മുമ്പ് ട്രയല്‍ റണ്‍ സമയത്ത് തന്നെ വരുമാനവും ലഭിച്ച് തുടങ്ങിയെന്നതാണ് വിഴിഞ്ഞത്തിന്റെ പ്ലസ് പോയിന്റ്. ഇന്ത്യയില്‍ നാളിതുവരെ എത്തിയിട്ടുള്ളതില്‍ വെച്ച് കൂറ്റന്‍ കപ്പലുകള്‍ തെക്കന്‍ തുറമുഖ നഗരത്തില്‍ നങ്കൂരമിട്ടുകഴിഞ്ഞു. അടുത്ത വര്‍ഷം ഏപ്രിലില്‍ പ്രതീക്ഷിച്ചിരുന്ന നേട്ടം മൊത്തം കണ്ടെയ്‌നറുകളുടെ കാര്യത്തില്‍ മൂന്ന് മാസം പിന്നിട്ടപ്പോഴെ വിഴിഞ്ഞം മറികടക്കുകയും ചെയ്തിരുന്നു.

വിഴിഞ്ഞം തുറമുഖത്തില്‍ പടുകൂറ്റന്‍ മദര്‍ ഷിപ്പുകള്‍ വരുന്നു, കണ്ടെയ്‌നറുകള്‍ ഇറക്കി പോകുന്നു. ഇതുകൊണ്ട് എന്താണ് കേരളത്തിന് നേട്ടം എന്ന് ചിന്തിക്കുന്നവര്‍ അറിയേണ്ടത് ഒരു കപ്പല്‍ വരുമ്പോള്‍ ഉണ്ടാകുന്ന വരുമാനത്തെക്കുറിച്ചാണ്. ചരക്ക് നീക്കത്തിനായി തുറമുഖം തുറന്ന് കൊടുത്തതോടെ വിവിധ മേഖലകളില്‍ കേരളത്തിന്റെ സാദ്ധ്യതകള്‍ വളര്‍ന്നുവെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ഇതിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടം നികുതി വരുമാനം ഉയരും എന്നതാണ്.

ചരക്കിറക്കുമ്പോള്‍ അതിന്റെ മൂല്യത്തിന്മേല്‍ ഇന്റഗ്രേറ്റഡ് ജിഎസ്ടി കൂടി കസ്റ്റംസ് വിഭാഗം ഈടാക്കുന്നുണ്ട്. ഇതിന്റെ പകുതി സംസ്ഥാനത്തിനാണ്. പുറമെ ചരക്കുകള്‍ കയറ്റിയിറക്കു ഫീസുമായി ബന്ധപ്പെട്ട നികുതിയും ലഭിക്കും. തുറമുഖം കപ്പലുകള്‍ക്ക് നല്‍കുന്ന മറ്റു സേവനങ്ങളുടെ ഫീസിലും കപ്പലുകള്‍ തുറമുഖത്ത് ഇന്ധനം നിറയ്ക്കുന്ന ചില സാഹചര്യങ്ങളിലും സംസ്ഥാനത്തിന് നികുതി ലഭിക്കും. ഒരു കപ്പല്‍ വന്നു പോകുമ്പോള്‍ കുറഞ്ഞത് ഒരു കോടി രൂപ എങ്കിലും വിഴിഞ്ഞം തുറമുഖത്തിന് ലഭിക്കും. ഇതിന്റെ 18 ശതമാനം ജിഎസ്ടിയാണ്. അതില്‍ പകുതി സംസ്ഥാനത്തിന് ലഭിക്കും.

വിഴിഞ്ഞം തുറമുഖപദ്ധതിക്ക് 795 കോടിയുടെ കേന്ദ്രസഹായം. സംസ്ഥാനങ്ങളിലെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് കേന്ദ്രം നല്‍കുന്ന കാപ്പക്സ് വായ്പ (സ്പെഷ്യല്‍ അസിസ്റ്റന്‍സ് ഫോര്‍ സ്റ്റേറ്റ് ഇന്‍ കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീം) പ്രകാരമാണ് തുക. കൊച്ചി മെട്രോ പദ്ധതിക്കുള്‍പ്പെടെ 1059 കോടിയാണ് 2024-25 വര്‍ഷത്തേക്ക് കാപ്പക്സ് പദ്ധതി പ്രകാരം കേരളത്തിന് അനുവദിച്ചത്. 50 വര്‍ഷത്തേക്ക് പലിശരഹിതമായാണ് വായ്പ അനുവദിച്ചത്. ഈ സാമ്പത്തികവര്‍ഷം തന്നെ വിനിയോഗിക്കണം. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ ഈ തുകയെ ഉള്‍പ്പെടുത്തില്ല.