
ഡർബൻ : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ വെറും 42 റൺസിന് ആൾഔട്ടായി ശ്രീലങ്ക. ആദ്യ ഇന്നിംഗ്സിൽ 191 റൺസ് നേടിയിരുന്ന ദക്ഷിണാഫ്രിക്ക രണ്ടാം ദിവസം ഒടുവിൽ വിവരം ലഭിക്കുമ്പോൾ
82/2 എന്ന നിലയിലാണ്. ഇപ്പോൾ ആതിഥേയർക്ക് 231 റൺസിന്റെ ലീഡുണ്ട്.
രണ്ടാം ദിവസമായ ഇന്നലെ ലഞ്ചിന് ശേഷം ബാറ്റിംഗിനിറങ്ങിയ ലങ്ക ചായയ്ക്ക് മുന്നേ തകർന്നടിയുകയായിരുന്നു.13.5 ഓവർ മാത്രമാണ് അവർ ബാറ്റുചെയ്‌തത്. 6.5 ഓവറിൽ ഒരു മെയ്‌ഡനടക്കം 13 റൺസ് നൽകി ഏഴുവിക്കറ്റ് വീഴ്ത്തിയ മാർക്കോ യാൻസനാണ് ലങ്കയെ ചുരുട്ടിയത്. ജെറാഡ് കോറ്റ്സെ രണ്ടുവിക്കറ്റും കാഗിസോ റബാദ ഒരു വിക്കറ്റും വീഴ്ത്തി. 13 റൺസ് നേടിയ കാമിന്ദു മെൻഡിസും 10 റൺസ് നേടിയ ലാഹിരു കുമാരയും ഒഴികെ ആർക്കും രണ്ടക്കം കാണാനായില്ല. അഞ്ചുപേരാണ് ഡക്കായത്.
ശ്രീലങ്കയുടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ചെറിയ ടീം ടോട്ടലാണ് 42. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഏതൊരു ടീമിന്റെയും കുറഞ്ഞ ടോട്ടലും ഇതുതന്നെ.