bsnl

മുംബയ്: ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റര്‍മാരായ റിലയന്‍സ് ജിയോയുടെ നഷ്ടം ബിഎസ്എന്‍എല്ലിന് നേട്ടമാകുന്നു. ഈ വര്‍ഷം ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഒരു കോടി 28 ലക്ഷം ഉപയോക്താക്കളേയാണ് ജിയോക്ക് നഷ്ടമായത്. ജൂലായില്‍ 7.5 ലക്ഷം, ഓഗസ്റ്റില്‍ 41 ലക്ഷം പേര്‍ വീതം ജിയോ ഉപേക്ഷിച്ചപ്പോള്‍ സെപ്റ്റംബറില്‍ ഈ കണക്ക് ഉയര്‍ന്ന് 79.6 ലക്ഷം ആയി ഉയര്‍ന്നു. ജിയോക്ക് മാത്രമല്ല മറ്റ് മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്കും ഉപയോക്താക്കളെ നഷ്ടമായിട്ടുണ്ട്.

ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ഓപ്പറേറ്ററായ ഭാരതി എയര്‍ടെല്‍ സെപ്റ്റംബറില്‍ 14.3 ലക്ഷം ഉപയോക്താക്കളുടെ നഷ്ടം രേഖപ്പെടുത്തി. ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ യഥാക്രമം 16.9 ലക്ഷവും 24 ലക്ഷവും വരിക്കാരാണ് എയര്‍ടെല്ലിന് നഷ്ടപ്പെട്ടത്. വോഡഫോണ്‍ ഐഡിയയ്ക്ക് സെപ്റ്റംബറില്‍ 15.5 ലക്ഷം ഉപയോക്താക്കളെയും ഓഗസ്റ്റ്, ജൂലായ് മാസങ്ങളില്‍ യഥാക്രമം 18.7 ലക്ഷം, 14.1 ലക്ഷം ഉപയോക്താക്കളെയുമാണ് നഷ്ടമായത്. മൊബൈല്‍ താരിഫ് നിരക്കുകള്‍ കുത്തനെ കൂട്ടാനുള്ള തീരുമാനമാണ് കമ്പനികള്‍ക്ക് തിരിച്ചടിയായി മാറിയത്.

12 ശതമാനം മുതല്‍ 25 ശതമാനം വരെയാണ് മൊബൈല്‍ താരിഫ് ഉയര്‍ത്തിയത്. ഇതോടെ ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്ന പലരും ഒറ്റ സിം എന്ന നിലയിലേക്ക് ഉപയോഗം പരിമിതപ്പെടുത്തി. സ്വകാര്യ കമ്പനികള്‍ നിരക്ക് കൂട്ടിയതും ഉപയോക്താക്കള്‍ ഉപേക്ഷിച്ച് പോയതും നേട്ടമാക്കിയതാകട്ടെ തകര്‍ച്ചയിലായിരുന്ന പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍ ആണ്. മികച്ച ഫോണ്‍ കോളിംഗ് നെറ്റ്‌വര്‍ക്ക് ഉറപ്പാണെങ്കിലും ഡാറ്റയുടെ വേഗക്കുറവായിരുന്നു ബിഎസ്എന്‍എല്‍ നേരിട്ടിരുന്ന പ്രധാനപ്പെട്ട വെല്ലുവിളി.

ഡാറ്റയ്ക്ക് വേഗത കൂട്ടാന്‍ 3ജിയില്‍ നിന്ന് 4ജി സംവിധാനത്തിലേക്ക് ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി മാറുന്നതിന് തുടക്കം കുറിച്ചതും ഈ കാലയളവിലാണ്. ജിയോയും എയര്‍ടെല്ലും വോഡഫോണ്‍ - ഐഡിയയും ഒക്കെ ഉപേക്ഷിച്ചവരില്‍ നല്ലൊരു പങ്കും ബിഎസ്എന്‍എല്ലിലേക്ക് ചേക്കേറുകയായിരുന്നു. ജൂലായ് ഓഗസ്റ്റ് മാസങ്ങളിലായി 54 ലക്ഷം ഉപയോക്താക്കള്‍ ബിഎസ്എന്‍എല്ലിലേക്ക് ചേക്കേറി. സ്വകാര്യ കമ്പനികള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചപ്പോള്‍ പഴയ നിരക്കില്‍ തുടരാന്‍ തീരുമാനിച്ചതാണ് അവര്‍ക്ക് ഗുണകരമായി മാറിയത്. എന്നാല്‍ വളര്‍ച്ചാ വേഗത സെപ്റ്റംബറില്‍ 8.4 ലക്ഷമായി കുറഞ്ഞു.