
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍ നടത്തിയ ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. സംസ്ഥാന പൊലീസ് മേധാവി ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. കേസിന്റെ അന്വേഷണം സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കണമെന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറിയ ഉത്തരവില്‍ ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.
കേസന്വേഷണം ആരെ ഏല്‍പ്പിക്കണമെന്നതില്‍ പ്രത്യേക നിര്‍ദേശം മുന്നോട്ട് വെക്കാതിരുന്ന ഡിജിപി തീരുമാനം ക്രൈം ബ്രാഞ്ചിന് വിട്ടു. അന്വേഷണ സംഘത്തിനെ തീരുമാനിക്കാനുള്ള പാനല്‍ ഡിജിപി ആവശ്യപ്പെട്ടിരുന്നു. അത് തിരുത്തിയാണ് കോടതി ഉത്തരവ് പ്രകാരം അന്വേഷണം ഏറ്റെടുക്കാനും സംഘത്തെ തീരുമാനിക്കാനും ഉത്തരവിറക്കിയത്.
കേസില്‍ തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ച് ആയിരിക്കണം കേസ് അന്വേഷിക്കേണ്ടതെന്നും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ ഉത്തരവിട്ടിരുന്നു.
കുറച്ചു നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതിവച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഭരണഘടനയുടെ ഉദ്ദേശ്യം എന്നായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗത്തിലെ ഭാഗം.
ഭരണഘടന, ദേശീയ പതാക, ദേശീയ ചിഹ്നങ്ങള്‍ ഉള്‍പ്പെടെയുള്ളവയെ അവഹേളിക്കുന്നതു തടഞ്ഞുള്ള നാഷനല്‍ ഓണര്‍ ആക്ടിന്റെ 2003ലെ ഭേദഗതി പ്രകാരം, പ്രസംഗത്തിലെ ചില വാചകങ്ങള്‍ ഭരണഘടനയോടുള്ള അനാദരവായി സംശയിക്കാമെന്നായിരുന്നു നേരത്തേ കോടതി അഭിപ്രായപ്പെട്ടത്. പ്രസംഗത്തില്‍ ഭരണഘടനാ ലംഘനമില്ലെന്ന പൊലീസിന്റെ അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കി സിബിഐയ്ക്ക് അന്വേഷണം കൈമാറണമെന്ന് ആവശ്യപ്പെട്ട് അഡ്വ.എം.ബൈജു നോയല്‍ ആണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.