ff

ടെൽ അവീവ്: ലെബനൻ - ഇസ്രയേൽ അതിർത്തിയിൽ വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ പ്രകോപനവുമായി ഹിസ്ബുള്ള. തെക്കൻ ലെബനനിൽ ഹിസ്ബുള്ള അംഗങ്ങൾ നുഴഞ്ഞുകയറിയെന്നും വെടിനിറുത്തൽ കരാർ ലംഘിച്ചെന്നും ഇസ്രയേൽ ആരോപിച്ചു. നുഴഞ്ഞുകയറ്റക്കാർക്ക് നേരെ ഇസ്രയേലി ടാങ്കുകൾ പ്രത്യാക്രമണം നടത്തി. രണ്ട് പേർക്ക് പരിക്കേറ്റെന്നാണ് വിവരം.

ബെയ്സാരിയേയിലെ ഹിസ്ബുള്ള റോക്കറ്റ് സംഭരണ കേന്ദ്രം ഇസ്രയേലി യുദ്ധവിമാനങ്ങൾ തകർത്തു. വെടിനിറുത്തലിന് പിന്നാലെ സാധാരണക്കാർ തെക്കൻ ലെബനനിലേക്ക് മടങ്ങിയെത്തിയിരുന്നു. എന്നാൽ നുഴഞ്ഞു കയറ്റത്തിന്റെ പശ്ചാത്തലത്തിൽ ചില മേഖലകളിൽ ഇസ്രയേൽ നിയന്ത്രണം ഏർപ്പെടുത്തി. ലിറ്റാനി നദിക്ക് തെക്ക് വൈകിട്ട് 5 മുതൽ രാവിലെ 7 വരെ കർഫ്യൂ ഏർപ്പെടുത്തി. അതേ സമയം, ഇസ്രയേൽ സൈന്യം ജനങ്ങൾക്ക് നേരെ വെടിവച്ചെന്ന് ഹിസ്ബുള്ള ആരോപിച്ചു.

യു.എസും ഫ്രാൻസും നടത്തിയ മദ്ധ്യസ്ഥ ശ്രമങ്ങളുടെ ഫലമായി ബുധനാഴ്ചയാണ് വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നത്. ഹിസ്ബുള്ള തെക്കൻ ലെബനീസ് അതിർത്തിയിൽ നിന്ന് 30 കിലോമീറ്റർ പിന്മാറി ലിറ്റാനി നദിയുടെ വടക്കോട്ട് പോകണമെന്നാണ് നിബന്ധന. 60 ദിവസത്തിനുള്ളിൽ ഇസ്രയേൽ സൈന്യം തെക്കൻ ലെബനനിൽ നിന്ന് പിന്മാറും. അതേസമയം, ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 44,330 കടന്നു.