
ലാഹോര്‍: ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കാനായി മുന്നൊരുക്കങ്ങള്‍ പുരേഗമിക്കുകയാണ് പാകിസ്ഥാനില്‍. ടൂര്‍ണമെന്റില്‍ കളിക്കാന്‍ ഇന്ത്യ പാകിസ്ഥാനിലേക്ക് വരില്ലെന്ന് അറിയിച്ചതോടെ ഷെഡ്യൂള്‍ പ്രഖ്യാപിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. ഇന്ത്യയുടെ മത്സരങ്ങള്‍ പാകിസ്ഥാന് പുറത്ത് നടത്തുന്ന ഹൈബ്രിഡ് മോഡല്‍ ബിസിസിഐയും ഐസിസിയും മുന്നോട്ടുവയ്ക്കുന്നുവെങ്കിലും ഇതില്‍ അന്തിമ തീരുമാനമായിട്ടില്ല.
കോടിക്കണക്കിന് പണം മുടക്കിയാണ് ലാഹോര്‍, കറാച്ചി, റാവല്‍പിണ്ടി സ്‌റ്റേഡിയങ്ങള്‍ പിസിബി പുതുക്കിപ്പണിയുന്നത്. അതേസമയം, ഇന്ത്യയുടെ മത്സരങ്ങള്‍ എവിടെ നടത്തുമെന്ന കാര്യത്തില്‍ തീരുമാനം വൈകുന്നതിനിടെ ടൂര്‍ണമെന്റ് മൊത്തമായും പാകിസ്ഥിനില്‍ നിന്ന് മാറ്റേണ്ടിവരുമോ എന്നതാണ് പിസിബിയുടെ ആശങ്ക. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയില്‍ മോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന പ്രക്ഷോഭമാണ് പുതിയ വെല്ലുവിളി.
തലസ്ഥാന നഗരമായ ഇസ്ലാമാബാദിനെ മുള്‍മുനയില്‍ നിര്‍ത്തി ആയിരങ്ങളാണ് പ്രക്ഷോഭത്തില്‍ അണിനിരന്നത്. നാലു പേരുടെ മരണം ഇതുവരെ റിപ്പോര്‍ട്ട് ചെയിതിട്ടുണ്ട്. പ്രക്ഷോഭം നിര്‍ത്തിയതായി ഇമ്രാന്റെ പാര്‍ട്ടി ബുധനാഴ്ച അറിയിച്ചെങ്കിലും സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയാണ് ടീമുകളെ പാകിസ്ഥാനിലേക്ക് അയക്കുന്നതില്‍ ബോര്‍ഡുകള്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തുവന്നത്. ഇതോടെ ടൂര്‍ണമെന്റ് പൂര്‍ണമായും പാകിസ്ഥാനു പുറത്തെ മറ്റൊരു വേദിയിലേക്ക് മാറ്റാന്‍ ഐസിസിയും ആലോചിക്കുന്നുണ്ട്.
മൂന്ന് മത്സര ഏകദിന പരമ്പരക്കായി പാകിസ്ഥാനിലെത്തിയ ശ്രീലങ്ക എ ടീം പരമ്പര ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. പരമ്പരയിലെ ഒരു മത്സരം മാത്രമാണ് ശ്രീലങ്ക കളിച്ചത്. ചാമ്പ്യന്‍സ് ട്രോഫി സംബന്ധിച്ച തീരുമാനങ്ങള്‍ ടൂര്‍ണമെന്റിന് നൂറ് ദിവസം പോലും തികച്ച് ബാക്കിയില്ലാത്ത സാഹചര്യത്തില്‍ വൈകിപ്പിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഐസിസി. നാളെ (വെള്ളിയാഴ്ച) ഐസിസിയുടെ നിര്‍ണായക യോഗം ചേരുന്നുണ്ട്. ഇതില്‍ ടൂര്‍ണമെന്റ് നടത്തിപ്പ് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.
പാകിസ്ഥാന് പുറത്തേക്ക് ടൂര്‍ണമെന്റ് പൂര്‍ണമായും മാറ്റുകയാണെങ്കിലും ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് സജീവ പരിഗണനയിലുള്ളത്. എന്നാല്‍ ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ചാല്‍ നിലവിലെ ചാമ്പ്യന്‍മാരായ പാകിസ്ഥാന്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് വന്നില്ലെങ്കില്‍ ഭാവിയില്‍ ഇന്ത്യ വേദിയാകുന്ന ഐസിസി ടൂര്‍ണമെന്റുകള്‍ക്ക് തങ്ങളും ടീമിനെ അയക്കില്ലെന്ന് പി.സി.ബിയും മുന്നറിയിപ്പ് നല്‍കിയിരുന്നു.