social-

കാൻബെറ: കുട്ടികളിലെയും കൗമാരക്കാരിലെയും സോഷ്യൽ മീഡിയ ഉപയോഗത്തിന് കടിഞ്ഞാണിടാൻ നിയമവുമായി ഓസ്ട്രേലിയ. 16 വയസിന് താഴെയുള്ളവ‌ർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് തടയുന്ന ബില്ല് ഓസ്ട്രേലിയൻ പാർലമെന്റ് പാസാക്കി. പാർലമെന്റിന്റെ ഇരുസഭകളും ബില്ലിനെ അനുകൂലിച്ചു. കുട്ടികൾക്ക് അക്കൗണ്ട് എടുക്കാൻ പറ്റാത്ത തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ മാറ്റം കൊണ്ടുവരണമെന്നാണ് നിർദ്ദേശം,​ ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചാൽ മില്യൺ ഓസ്ട്രേലിയൻ ഡോളർ കമ്പനികൾ പിഴയൊടുക്കേണ്ടി വരും. 2025 മുതൽ പുതിയ നിയമം നിലവിൽ വരും.

ഗൂഗിൾ,​ മെറ്റ,​ എക്സ് എന്നീ ടെക്ഭീമൻമാരുടെ എതിർപ്പ് തള്ളിയാണ് ഓസ്ട്രേലിയൻ സർക്കാരിന്റെ നിർണായക നീക്കം. സ്നാപ് ചാറ്റ്,​ ടിക്ടോക്ക്,​ ഫേസ്‌ബുക്ക്,​ ഇൻസ്റ്റഗ്രാം,​ റെഡ്ഡിറ്റ്,​ എക്സ് എന്നിവയ്ക്ക് പുതിയ നിയമം ബാധകമാകും. അതേസമയം വാട്‌സാപ്പിനും യുട്യൂബിനും ഇളവനുദിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട് പഠനകാര്യങ്ങൾക്ക് ഇവ ഉപയോഗിക്കുന്നത് കണക്കിലെടുത്താണ് ഇളവ്.

എന്നാൽ നിയമം എങ്ങനെ നടപ്പാക്കും എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. 2021മുതൽ ചൈനയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണമുണ്ട്. ടിക് ടോക്കിന്റെ ചൈനീസ് പതിപ്പായ ഡൂയിൻ ആപ്പ് 14 വയസിൽ താഴെയുള്ളവർ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണം ഉണ്ട്. 40 മിനിട്ടിൽ കൂടുതൽ ഇത് ഉപയോഗിക്കാൻ പാടില്ല. കൂടാതെ ഓൺലൈൻ ഗെയിമിംഗിലും കുട്ടികൾക്ക് കർശന നിയന്ത്രണമുണ്ട്.