
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് പണവുമായി ഡല്‍ഹിയില്‍ എത്തിയ മകനെ അന്വേഷിച്ചെത്തിയ പിതാവിന് മുന്നില്‍ കൈമലര്‍ത്തി ഡല്‍ഹി പൊലീസ്. 25കാരനായ മകന്‍ എഡ്വിന്‍ തോമസിനെ കുറിച്ച് ഒരു വിവരവുമില്ലെന്നും താമസിക്കുന്ന ഫ്‌ളാറ്റില്‍ നിന്ന് ഡല്‍ഹി പൊലീസ് എഡ്വിനെ കസ്റ്റഡിയിലെടുത്തതാണെന്നും പിതാവ് പി.വി തോമസ് പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഡല്‍ഹി ഹൈക്കോടതിയ്ല്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും സമര്‍പ്പിച്ചിരിക്കുകയാണ് തോമസ്.
തൃശൂര്‍ ജില്ലയിലെ ചാലക്കുടി സ്വദേശികളാണ് തോമസും കുടുംബവും. കൈവശം 15 ലക്ഷ് രൂപയാണ് എഡ്വിന്റെ പക്കലുണ്ടായിരുന്നത്. ഫ്‌ളാറ്റില്‍ നിന്ന് പൊലീസ് കൊണ്ടുപോയ മകന്‍ ഇപ്പോള്‍ എവിടെയാണെന്ന് തനിക്ക് അറിയില്ലെന്നും ഹര്‍ജിയില്‍ പിതാവ് പറയുന്നു. ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ ഗുരുതരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ തങ്ങള്‍ക്ക് ഒന്നുമറിയില്ലെന്നാണ് പൊലീസിന്റെ മറുപടിയില്‍ പറയുന്നത്. തങ്ങള്‍ ആരേയും കസ്റ്റഡിയിലെടുത്തില്ലെന്നും കര്‍ണാടക പൊലീസ് ആണ് നടപടിക്ക് പിന്നിലെന്നും ഡല്‍ഹി പൊലീസ് കൂട്ടിച്ചേര്‍ത്തു.
എഡ്വിന്‍ തോമസ് 15 ലക്ഷം രൂപയുമായി ബിസിനസ് ആവശ്യത്തിനാണ് ഡല്‍ഹിയില്‍ എത്തിയതെന്ന് പിതാവ് പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച രണ്ട് സുഹൃത്തുകള്‍ക്കൊപ്പംസാകേതില്‍ താമസിക്കുകയായിരുന്നു മകനെ ഫ്‌ളാറ്റില്‍ നിന്ന് സുഹൃത്തുകള്‍ക്കൊപ്പം പൊലീസ് അനധികൃതമായി കസ്റ്റഡിയില്‍ എടുത്തെന്നാണ് പിതാവ് ആരോപിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം കോടതിയില്‍ ഹാജരാക്കിയിരുന്നു. പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കില്‍ എവിടെയാണെന്നും കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
യുവാവ് എവിടെയാണെങ്കിലും കോടതിയില്‍ ഹാജരാക്കണമെന്ന് കേസ് പരിഗണിക്കവെ ഡല്‍ഹി പൊലീസിന് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തെങ്കില്‍ ട്രാന്‍സിറ്റ് വാറണ്ടടക്കം ഇല്ലാതെ എങ്ങനെ ഡല്‍ഹിയില്‍ നിന്ന് കൊണ്ടുപോയെന്ന് ജഡ്ജി പ്രതിഭാ സിംഗ് അദ്ധ്യക്ഷയായ ബെഞ്ച് ചോദിച്ചു. ഇത് ഗൗരവമുള്ള വിഷയമാണെന്ന് വ്യക്തമാക്കിയ കോടതി കര്‍ണാടക പൊലീസിനെ കേസില്‍ കക്ഷിയാക്കാനും ഉത്തരവിട്ടു.