tourism

155 കോടി രൂപയുടെ പദ്ധതിയുടെ പ്രാരംഭ ഘട്ടം ഉടന്‍ ആരംഭിക്കും


തിരുവനന്തപുരം: കേന്ദ്രാനുമതി ലഭിച്ച സംസ്ഥാന ടൂറിസം വകുപ്പിന്റെ രണ്ട് പദ്ധതികളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള രൂപരേഖയും വകുപ്പ് തയ്യാറാക്കും.155 കോടിയുടെ രണ്ട് ടൂറിസം പദ്ധതികള്‍ക്ക് കഴിഞ്ഞ ദിവസമാണ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്. 95.34 കോടിയുടെ സര്‍ഗാലയ ഗ്ലോബല്‍ ഗേറ്റ് വേ ടു മലബാര്‍ കള്‍ച്ചറല്‍ ക്രൂസിബിള്‍, 59.71 കോടി രൂപയുടെ കൊല്ലം ബയോഡൈവേഴ്‌സിറ്റി ആന്‍ഡ് റിക്രിയേഷണല്‍ ഹബ്ബ് എന്നീ പദ്ധതികള്‍ക്കാണ് ഫണ്ട് അനുവദിച്ചത്.

സര്‍ഗാലയ ഗ്ലോബല്‍ ഗേറ്റ് വേ ടു മലബാര്‍ കള്‍ച്ചറല്‍ ക്രൂസിബിള്‍

മലബാറിന്റെ പരമ്പരാഗത കലകളും കലാരൂപങ്ങളും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് പ്രചരിപ്പിക്കാനും പ്രാദേശിക തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.


സര്‍ഗാലയ

20 ഏക്കറിലുള്ള പൈതൃക കേന്ദ്രമായ സര്‍ഗാലയയെ കലയും ബന്ധപ്പെട്ട സങ്കേതങ്ങളും, സാംസ്‌കാരിക പ്രദര്‍ശനവും ഉള്‍പ്പെടുത്തി വികസിപ്പിക്കും. കളരിപയറ്റ് പോലുള്ള ആയോധന കലകളും മലബാറിന്റെ വിഭവസമൃദ്ധമായ പാചക പാരമ്പര്യത്തിലെ ഫുഡ് ടൂറിസം പദ്ധതിയും ഇതിലുണ്ടാകും.


അഷ്ടമുടി ബയോഡൈവേഴ്‌സിറ്റി പദ്ധതി

അഷ്ടമുടി ബയോഡൈവേഴ്‌സിറ്റി ആന്‍ഡ് ഇക്കോ റിക്രിയേഷണല്‍ ഹബ് പദ്ധതിയിലൂടെ സാംസ്‌കാരിക പൈതൃക സമ്പത്തുകള്‍ പരിചയപ്പെടുത്താനും സംരക്ഷിക്കാനും ആധുനികമായ വിനോദങ്ങള്‍ ഒരുക്കാനുമാണ് ലക്ഷ്യമിടുന്നത്. കൊല്ലം മറീനാ, അഷ്ടമുടി ലേക്ക് ഇന്റര്‍ട്ടേഷന്‍ സെന്റര്‍, ഫ്ളോട്ടിംഗ് ഭക്ഷണശാല, ബയോഡൈവേഴ്‌സിറ്റി ട്രെയില്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ഒരുക്കും.

കൂടുതല്‍ ടൂറിസം കേന്ദ്രങ്ങള്‍ ശാസ്ത്രീയമായി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്- മന്ത്രി പി. എ മുഹമ്മദ് റിയാസ്


കൊല്ലം, കോഴിക്കോട് ടൂറിസം കേന്ദ്രങ്ങളെ ലോകോത്തര ടൂറിസം കേന്ദ്രങ്ങളാക്കാനാണ് ലക്ഷ്യമിടുന്നത്- കെ.ബിജു, ടൂറിസം സെക്രട്ടറി