kochi

കൊച്ചി: വികസന കുതിപ്പില്‍ രാജ്യത്തിനാകെ മാതൃകയായി സേവനത്തില്‍ കാല്‍ നൂറ്റാണ്ട് പിന്നിട്ട കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് സമീപം നെടുമ്പാശേരിയില്‍ റെയില്‍വേ സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. വിമാനത്താവളം ആരംഭിച്ച ഘട്ടത്തില്‍ റെയില്‍വേ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലം നല്‍കാമെന്ന് സിയാല്‍ വാഗ്ദാനം ചെയ്തതാണെങ്കിലും നാളിതുവരെ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് റെയില്‍വേ തയ്യാറായായിരുന്നില്ല.

സംസ്ഥാനത്ത് നിന്നുള്ള ആഭ്യന്തര - അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ ഏറ്റവും കൂടുതലായി എത്തുന്ന നെടുമ്പാശേരിയില്‍ റെയില്‍വേ സ്റ്റേഷനില്ലാത്തത് ലക്ഷക്കണക്കിന് യാത്രക്കാരെയാണ് വലയ്ക്കുന്നത്. ആലുവ, അങ്കമാലി, എറണാകുളം റെയില്‍വേ സ്റ്റേഷനുകളില്‍ ട്രെയിന്‍ ഇറങ്ങിയ ശേഷം യാത്രക്കാര്‍ ടാക്‌സികളിലും മറ്റുമായി വിമാനത്താവളത്തില്‍ എത്തേണ്ട അവസ്ഥയാണ്. ഇത് സാമ്പത്തിക നഷ്ടം മാത്രമല്ല, യാത്രക്കാരുടെ സമയവും നഷ്ടപ്പെടുത്തുകയാണ്.

ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാരുടെ സംഖ്യ വര്‍ഷംതോറും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പുതിയ റെയില്‍വേ സ്റ്റേഷന്‍ അത്യാവശ്യമാണ്. നിലവില്‍ ട്രെയിന്‍ മാര്‍ഗം ആലുവയിലെത്തുന്ന യാത്രക്കാര്‍ 13 കിലോമീറ്ററും അങ്കമാലിയിലെത്തുന്നവര്‍ എട്ട് കിലോമീറ്ററും റോഡ് മാര്‍ഗം സഞ്ചരിച്ചാണ് വിമാനത്താവളത്തില്‍ എത്തുന്നത്. അങ്കമാലിയില്‍ വളരെ കുറച്ചു ട്രെയിനുകള്‍ക്ക് മാത്രമാണ് സ്റ്റോപ്പുള്ളത്. ആലുവയിലും നിര്‍ത്താത്ത ട്രെയിനുകളിലെ യാത്രക്കാര്‍ എറണാകുളത്ത് നിന്ന് റോഡ് മാര്‍ഗം നെടുമ്പാശേരിയിലേക്ക് സഞ്ചരിക്കേണ്ടത് 32 കിലോ മീറ്ററാണ്.


റെയില്‍വേ മന്ത്രിക്ക് എം.പി നിവേദനം നല്‍കി


നെടുമ്പാശേരിയില്‍ റെയില്‍വേ സ്റ്റേഷന്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബെന്നി ബഹനാന്‍ എം.പി കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നല്‍കി. നെടുമ്പാശേരിയിലെ വിമാനത്താവളത്തിന്റെ പ്രാധാന്യമെല്ലാം നിവേദനത്തില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. തൃശൂര്‍ വൈന്‍ നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ നടപ്പാലം നിര്‍മ്മിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. നടപ്പാലം ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ പാളങ്ങള്‍ മുറിച്ച് കടക്കുന്നത് ഗുരുതര അപകടസാധ്യതകള്‍ക്ക് വഴിവെക്കുകയാണെന്നും ചൂണ്ടികാട്ടി.

റെയില്‍വേ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ കരിയാട് - മറ്റൂര്‍ റോഡില്‍ അകപ്പറമ്പ് നിന്ന് വിമാനത്താവളത്തിലേക്ക് ലിങ്ക് റോഡ് കൂടി പരിഗണനയിലുണ്ടാകണം. നിലവില്‍ അകപ്പറമ്പ് റെയില്‍വേ ഗേറ്റില്‍ ഏറെ സമയം വാഹനങ്ങള്‍ കുടുങ്ങി കിടക്കുകയാണ്. റെയില്‍വേ സ്റ്റേഷന്‍ പദ്ധതി കേന്ദ്രം പരഗണിക്കുമ്പോള്‍ ലിങ്ക് റോഡിന് സിയാലും മുന്‍കൈയെടുക്കണം.

ജോസ പി. വര്‍ഗീസ്, പ്രസിഡന്റ്, സര്‍വീസ് സഹകരണ ബാങ്ക്, അകപ്പറമ്പ്


നെടുമ്പാശേരി വിമാനത്താവളം വഴി ഒരു വര്‍ഷം കടന്നുപോകുന്നത് ഒരു കോടിയിലേറെ യാത്രക്കാര്‍. റെയില്‍വേ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമായാല്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും, ടൂറിസത്തിനും ഏറെ ഗുണകരം