food

ഹൈദരാബാദ്: പ്രമുഖ ഹോട്ടലിൽ വിളമ്പിയ ബിരിയാണിയിൽ നിന്ന് സിഗര​റ്റിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഹൈദരാബാദിലെ ആർടിസിഎക്സ് റോഡിൽ പ്രവർത്തിക്കുന്ന ഹോട്ടലിലാണ് സംഭവം. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. അടുത്തിടെയാണ് ഒരു കൂട്ടം യുവാക്കൾ രാത്രി ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ എത്തിയത്. കൂടുതലാളുകളും ഹോട്ടലിലെ പ്രധാന വിഭവമായ ബിരിയാണിയാണ് ഓർഡർ ചെയ്തത്. കഴിക്കുന്നതിനിടയിലാണ് ബിരിയാണിയിൽ സിഗര​റ്റ് കു​റ്റി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.

സിഗര​റ്റ് കു​റ്റി ബിരിയാണിയിൽ കണ്ടതോടെ പ്രതിഷേധിക്കുന്ന യുവാക്കളുടെ ദൃശ്യങ്ങളാണ് വീഡിയോയിലുളളത്. യുവാക്കളിലൊരാൾ പ്ലേ​റ്റ് ഉയർത്തി ബിരിയാണിയിലെ സിഗര​റ്റ് കാണിക്കുന്നുണ്ട്. സൽമാൻ മൻസൂരി എന്ന വ്യക്തിയാണ് ഹോട്ടലിന്റെ ഉടമ. മ​റ്റ് ജീവനക്കാർ പ്രതിഷേധിക്കുന്ന യുവാക്കളെ സമാധാനപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ബിരിയാണി തയ്യാറാക്കുന്ന സമയത്ത് ആരെങ്കിലും സിഗര​റ്റ് വലിച്ച് കാണുമെന്ന് ഒരാൾ പറയുന്നതും വീഡിയോയിലുണ്ട്. വിനീത് കെ എന്ന യുവാവാണ് നവംബർ 25ന് എക്സിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതുവരെ 14,300ൽ അധികം ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു. വിവിധ തരത്തിലുളള പ്രതികരണങ്ങളും വീഡിയോക്ക് ലഭിക്കുന്നുണ്ട്.


അടുത്തിടെ ഹൈദരാബാദിലെ വിവിധ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പ് മിന്നൽ പരിശോധനകൾ നടത്തിയത് വാർത്തായായിരുന്നു. അന്ന് വൃത്തിയില്ലാത്ത സാഹചര്യത്തിൽ പ്രവർത്തിച്ചതിന്റെ പേരിൽ മൂന്ന് ഹോട്ടലുകളും പൂട്ടിയിരുന്നു. ഹോട്ടലുകൾ വൃത്തിയില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.